ഇന്ത്യയ്ക്കും ചൈനയ്ക്കും എതിരെ വിമർശനവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യ- പാകിസ്താൻ യുദ്ധങ്ങൾ ഉൾപ്പെടെ ഏഴ് യുദ്ധങ്ങൾ അസാനിപ്പിച്ചുവെന്ന് അവകാശവാദം ആവർത്തിച്ച ട്രംപ്, ഇത്രയും വലിയ പ്രവൃത്തി അടുത്ത കാലത്തൊന്നും മറ്റൊരു ലോകനേതാവോ രാഷ്ട്ര തലവനോ ചെയ്തിട്ടില്ലെന്നും കൂട്ടിച്ചേർത്തു. 7 മാസത്തിനിടെ 7 യുദ്ധങ്ങൾ അവസാനിപ്പിച്ച തന്നോട് യുഎൻ ഒരു നന്ദിപോലും പറഞ്ഞിട്ടില്ലെന്നും ട്രംപ് കുറ്റപ്പെടുത്തി.
ഇസ്രയേലും ഇറാനും, ഇന്ത്യയും പാകിസ്താനും റുവാണ്ടയും ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയും, തായ്ലന്റും കംബോഡിയയും, അർമേനിയയും അസർബൈജാനും, ഈജിപ്തും എത്യോപ്യയും, സെർബിയയും കൊസോവോയും ഇത്രയും രാജ്യങ്ങൾ തമ്മിലുള്ള യുദ്ധം ഞാൻ അവസാനിപ്പിച്ചു. മറ്റൊരു ലോക നേതാവും ഇത്രയുമൊന്നും അടുത്ത കാലത്ത് ചെയ്തിട്ടില്ല. ഒരു നന്ദി പോലും ഐക്യരാഷ്ട്ര സംഘടന പറഞ്ഞില്ല. ഒന്നു സഹായിക്കാൻ പോലും ശ്രമിച്ചില്ലെന്നാണ് ട്രംപിന്റെ വാക്കുകൾ.
റഷ്യ യുക്രെയ്‌നിൽ നടത്തുന്ന യുദ്ധത്തിന് ധനസഹായം നൽകുന്നതിൽ പ്രധാനികൾ ചൈനയും ഇന്ത്യയുമാണ്. ആ സമയത്ത് ഞാൻ ആയിരുന്നു പ്രസിഡന്റെങ്കിൽ യുക്രെയ്ൻ യുദ്ധം ആരംഭിക്കില്ലായിരുന്നു. റഷ്യൻ എണ്ണ വാങ്ങുന്നത് തുടരുന്നതിലൂടെ ചൈനയും ഇന്ത്യയും ഇപ്പോഴും യുദ്ധത്തിന് ധനസഹായം നൽകുകയാണെന്ന് ട്രംപ് വിമർശിച്ചു.
Discussion about this post