പട്ന : ജെഡിയു നേതാവും ബീഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിനെതിരെയും ബിജെപിക്കെതിരെയും ആരോപണങ്ങളുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. നിതീഷ് കുമാർ മാനസികമായി വിരമിച്ചതായി ഖാർഗെ ആരോപിച്ചു. ബിജെപിക്ക് ഇപ്പോൾ നിതീഷ് ഒരു ബാധ്യതയായി മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബീഹാറിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് കേന്ദ്രത്തിലെ മോദി സർക്കാരിന്റെ അഴിമതി ഭരണത്തിന്റെ അവസാനത്തിന്റെ തുടക്കമാകുമെന്ന് ഖാർഗെ പറഞ്ഞു. ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കുന്നതിനുള്ള കോൺഗ്രസിന്റെ പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുന്നതിനാണ് ജനാധിപത്യത്തിന്റെ മാതാവ് എന്നറിയപ്പെടുന്ന ബീഹാറിൽ വിപുലമായ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി യോഗം ചേർന്നതെന്നും ഖാർഗെ സൂചിപ്പിച്ചു.
“തിരഞ്ഞെടുപ്പ് കമ്മീഷന്റെ നീതിയും സുതാര്യതയും സംബന്ധിച്ച ചോദ്യങ്ങൾ ഇന്നത്തെ ജനാധിപത്യത്തെ ഭീഷണിപ്പെടുത്തുകയാണ്. മോദി സർക്കാർ കാരണം സാമ്പത്തിക മാന്ദ്യം, തൊഴിലില്ലായ്മ, സാമൂഹിക വിഭജനം എന്നിവ വർദ്ധിച്ചു വരികയാണ്. നോട്ട് നിരോധനം, ജിഎസ്ടി തുടങ്ങിയ നയങ്ങൾ സമ്പദ്‌വ്യവസ്ഥയെ തകർത്തു. അന്താരാഷ്ട്ര തലത്തിൽ നമ്മുടെ പ്രശ്നങ്ങൾ നരേന്ദ്ര മോദിയുടെയും അദ്ദേഹത്തിന്റെ സർക്കാരിന്റെയും നയതന്ത്ര പരാജയത്തിന്റെ ഫലമാണ്” എന്നും ഖാർഗെ കുറ്റപ്പെടുത്തി.
Discussion about this post