ന്യൂഡൽഹി : ഇന്ത്യയിൽ തിരഞ്ഞെടുപ്പിനായി ബാലറ്റ് പേപ്പറുകൾ തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട ഹർജി ഡൽഹി ഹൈക്കോടതി തള്ളി. ഉപേന്ദ്ര നാഥ് ദലൈ എന്നയാളാണ് ഈ ആവശ്യവുമായി ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നത്. ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾക്ക് പകരം ബാലറ്റ് പേപ്പറുകൾ ഉപയോഗിച്ച് നടത്താൻ കേന്ദ്രത്തിനും തിരഞ്ഞെടുപ്പ് കമ്മീഷനും നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി സമർപ്പിച്ചിരുന്നത്.
ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാർ ഉപാധ്യായ, ജസ്റ്റിസ് തുഷാർ റാവു ഗെഡേല എന്നിവരടങ്ങിയ ബെഞ്ച് ഹർജി പരിഗണിക്കാൻ വിസമ്മതിച്ചു. ഈ വിഷയത്തിൽ സുപ്രീംകോടതി നേരത്തെ തന്നെ ഉത്തരവിട്ടിട്ടുള്ള വിധി ചൂണ്ടിക്കാട്ടിയായിരുന്നു ഡൽഹി ഹൈക്കോടതി ഹർജി തള്ളിയത്. ഹർജിയിൽ ഉന്നയിച്ച എല്ലാ പ്രശ്നങ്ങളും വിവിധ സന്ദർഭങ്ങളിൽ സുപ്രീം കോടതി ഉൾപ്പെടെയുള്ള വിവിധ പരിഗണിച്ചിട്ടുള്ള വിഷയമാണെന്ന് ഡൽഹി ഹൈക്കോടതി വ്യക്തമാക്കി.
ഇവിഎമ്മുകൾ ലളിതവും സുരക്ഷിതവും ഉപയോക്തൃ സൗഹൃദവുമാണെന്നും വോട്ടർമാർക്കും സ്ഥാനാർത്ഥികൾക്കും അവരുടെ പ്രതിനിധികൾക്കും ഇസിഐയിലെ ഉദ്യോഗസ്ഥർക്കും ഇവിഎം സംവിധാനത്തെ കുറച്ചു വ്യക്തമായ ധാരണയുണ്ടെന്നും കോടതി ഹർജിക്കാരനെ അറിയിച്ചു. വിവിപാറ്റ് സംവിധാനം കൂടി ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ തിരഞ്ഞെടുപ്പ് സ്വകാര്യമാകും എന്നും വോട്ടർമാർക്ക് തന്നെ സ്വയം പരിശോധിക്കുവാൻ കഴിയും എന്നും കോടതി അറിയിച്ചു.
Discussion about this post