ന്യൂഡൽഹി : സിഖ് തലപ്പാവിനെ കുറിച്ച് നടത്തിയ വിവാദ പരാമർശത്തിൽ രാഹുൽഗാന്ധി നൽകിയ ഹർജി കോടതി തള്ളി. അലഹബാദ് ഹൈക്കോടതി ആണ് രാഹുൽ ഗാന്ധിയുടെ ഹർജി തള്ളിയത്. കഴിഞ്ഞ വർഷം സിഖ് സമൂഹത്തെക്കുറിച്ച് രാഹുൽ നടത്തിയ വിവാദ പരാമർശങ്ങളുടെ പേരിൽ അദ്ദേഹത്തിനെതിരായ റിവിഷൻ ഹർജി ഫയലിൽ സ്വീകരിച്ച വാരണാസി പ്രത്യേക കോടതി ഉത്തരവിനെ ചോദ്യം ചെയ്താണ് രാഹുൽ ഗാന്ധി അലഹബാദ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്.
കഴിഞ്ഞവർഷം രാഹുൽ ഗാന്ധി നടത്തിയ മൂന്ന് ദിവസത്തെ യുഎസ് പര്യടനത്തിനിടെ സിഖ് സമൂഹത്തെക്കുറിച്ച് നടത്തിയ വിവാദ പരാമർശങ്ങളുമായി ബന്ധപ്പെട്ടാണ് കേസെടുത്തിട്ടുള്ളത്. ഇന്ത്യയിലെ സിഖുകാർക്ക് തലപ്പാവ് ധരിക്കാനോ കാര ധരിക്കാനോ അനുവാദമില്ലെന്നും ഗുരുദ്വാരകളിൽ പ്രവേശിക്കാൻ അനുവാദമില്ലെന്നും രാഹുൽ ഗാന്ധി നടത്തിയ പ്രസ്താവനയാണ് കേസിന് കാരണമായത്. 2024 ല്‍ വിര്‍ജീനിയയില്‍ നടന്ന ഒരു പരിപാടിയില്‍ വെച്ചായിരുന്നു രാഹുൽ ഗാന്ധി ഈ വിദ്വേഷ പ്രസംഗം നടത്തിയത്.
2024 നവംബർ 28 ന് രാഹുൽ ഗാന്ധിക്കെതിരെ ഹർജിക്കാരൻ നാഗേശ്വർ മിശ്ര എംപി/എംഎൽഎ കോടതിയെ സമീപിക്കുകയായിരുന്നു. വാരണാസി സെഷൻസ് കോടതിയിൽ ഒരു റിവിഷൻ ഹർജി ഫയൽ ചെയ്യുകയും എംപി/എംഎൽഎ കോടതി ഇത് സ്വീകരിക്കുകയും ചെയ്തു. ഈ നടപടിയെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു രാഹുൽ ഗാന്ധി അലഹബാദ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. രാഹുലിന്റെ ഹർജി അലഹബാദ് ഹൈക്കോടതി തള്ളിയതോടെ കേസിന്റെ വാദം വാരണാസി എംപി/എംഎൽഎ കോടതിയിൽ തുടരും.
Discussion about this post