അമേരിക്കയ്ക്ക് നേരെ ഒളിയമ്പുമായി വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ. റഷ്യൻ എണ്ണ സംബന്ധിച്ച വിഷയത്തിൽ ചിലർക്ക് ഇരട്ടത്താപ്പാണെന്നാണ് അമേരിക്കയെ പരോക്ഷമായി വിദേശകാര്യമന്ത്രി വിമർശിച്ചത്. സമാധാനത്തിലൂടെ വികസനം വരും, എന്നാൽ വികസനത്തെ തുരങ്കംവച്ച് സമാധാനം കൊണ്ടുവരാനാണ് ചിലർ ശ്രമിക്കുന്നത്. ചർച്ചയിലൂടെയും നയതന്ത്രങ്ങളിലൂടെയുമാണ് പ്രശ്‌നങ്ങൾ പരിഹരിക്കേണ്ടത്. ചിലർ പക്ഷേ, അതിനു നേരെ എതിരായ കാര്യങ്ങൾ ചെയ്യുന്നത് പ്രശ്‌നം കൂടുതൽ വഷളാക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ ഭൗമരാഷ്ട്രീയ, സാമ്പത്തിക പ്രതിസന്ധികൾ ഗ്ലോബൽ സൗത്തിൽ (വികസ്വര രാജ്യങ്ങൾ) ഭക്ഷണം, ഊർജം, വളം തുടങ്ങിയവയുടെ വിലയെ സാരമായി ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇവയുടെ വിതരണശൃംഖല, ലഭ്യത, കുറഞ്ഞവില എന്നിവ ഉറപ്പാക്കാൻ ഈ രാജ്യങ്ങൾ ശ്രമിക്കുന്നത്. അതിനെ പിന്തുണയ്ക്കുന്നതിന് പകരം എതിർക്കുകയാണ് ചിലരെന്നും ഇരട്ടത്താപ്പാണതെന്നും ജയശങ്കർ പറഞ്ഞു.
അതേസമയം,റഷ്യൻ എണ്ണ വാങ്ങുന്നത് കുറയ്ക്കണമെങ്കിൽ യുഎസ് ഉപരോധിച്ചിട്ടുള്ള ഇറാനിൽനിന്നും വെനസ്വേലയിൽനിന്നും വാങ്ങേണ്ടി വരുമെന്ന് ഇന്ത്യ വ്യക്തമാക്കിയതായി റിപ്പോർട്ടുകൾ. 2019 ൽ ഇന്ത്യ ഇറാനിൽനിന്നുള്ള എണ്ണ ഇറക്കുമതി നിർത്തിയിരുന്നു.റഷ്യൻ എണ്ണയുടെ പേരിലാണ് ഇന്ത്യയ്‌ക്കെതിരെയുള്ള തീരുവ യുഎസ് ഇരട്ടിയാക്കിയത്. ഇക്കാര്യത്തിൽ വിട്ടുവീഴ്ച്ച ചെയ്താലേ വ്യാപാരചർച്ച ഫലവത്താകൂ എന്നാണ് യുഎസിന്റെ നിലപാട്.
Discussion about this post