ലഖ്‌നൗ : ഉത്തർപ്രദേശിലെ ബറേലിയിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് ശേഷം മുസ്ലീം മതവിഭാഗം തടിച്ചുകൂടി പ്രതിഷേധം നടത്തിയത് സംഘർഷത്തിന് കാരണമായി. ‘ഐ ലവ് മുഹമ്മദ്’ ബാനറുകളുമായി നൂറുകണക്കിന് പേരാണ് തെരുവിലിറങ്ങിയത്. ശ്യാംഗഞ്ചിൽ പ്രതിഷേധക്കാരെ തടയാൻ പോലീസ് ശ്രമിച്ചു. ഇതിനിടെ പോലീസും പ്രതിഷേധക്കാരും തമ്മിൽ സംഘർഷമുണ്ടായി.
സമീപത്തെ സ്കൂളിന് സമീപം നിർത്തിയിട്ടിരുന്ന വാഹനങ്ങൾ പ്രതിഷേധക്കാർ കത്തിക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിന് കാരണമായത്. തുടർന്ന് പോലീസ് ലാത്തിച്ചാർജ് നടത്തി. മുസ്ലിം മത വിഭാഗത്തിന്റെ നേതാവായ മൗലാന തൗഖീർ റാസയെ വീട്ടുതടങ്കലിലാക്കിയിട്ടുണ്ട്. ഇത്തിഹാദ്-ഇ-മില്ലത്ത് കൗൺസിൽ (ഐഎംസി) മേധാവി മൗലാന തൗഖീർ റാസ ഖാന്റെ ആഹ്വാനത്തെ തുടർന്നാണ് മുസ്ലിം മത വിഭാഗം തെരുവിലിറങ്ങി പ്രതിഷേധിക്കുന്നത്.
കഴിഞ്ഞദിവസം കാൺപൂരിലെ ബരാഫത്ത ഘോഷയാത്രയിൽ പ്രദർശിപ്പിച്ച ‘ഐ ലവ് മുഹമ്മദ്’ പോസ്റ്ററുകൾ ആണ് വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴി വച്ചത്. പോലീസ് ഈ പോസ്റ്ററുകൾ നീക്കം ചെയ്തത് മുസ്ലിം വിഭാഗത്തെ പ്രകോപിപ്പിക്കുകയായിരുന്നു. പോസ്റ്ററുകൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും കലാപത്തിനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ഉത്തർപ്രദേശ് പോലീസ് വ്യക്തമാക്കുന്നു.
Discussion about this post