ന്യൂഡൽഹി : ഇന്ത്യയിൽ നിരവധി കേസുകളിൽ പ്രതിയായ കൊടും കുറ്റവാളി ബബ്ബർ ഖൽസ ഭീകരൻ പിണ്ടി എന്നറിയപ്പെടുന്ന പർമീന്ദർ സിങ്ങിനെ ഇന്ത്യയ്ക്ക് കൈമാറി യുഎഇ. കേന്ദ്ര ഏജൻസികളുടെ ആവശ്യപ്രകാരം ആണ് അബുദാബിയിൽ നിന്നും കസ്റ്റഡിയിലെടുത്ത ഈ കൊടും കുറ്റവാളിയെ ഇപ്പോൾ ഇന്ത്യയിലേക്ക് നാടുകടത്തിയിരിക്കുന്നത്. പഞ്ചാബ് പോലീസ് പ്രതിയെ ഏറ്റുവാങ്ങിയതായി പഞ്ചാബ് ഡിജിപി ഗൗരവ് യാദവ് അറിയിച്ചു.
വിദേശ ഭീകരരായ ഹർവീന്ദർ സിംഗ് എന്ന റിൻഡ, ഹാപ്പി പാസിയ എന്നിവരുടെ അടുത്ത സഹായിയാണ് പിണ്ടി. ബട്ടാല-ഗുർദാസ്പൂർ മേഖലയിൽ നടന്ന നിരവധി പെട്രോൾ ബോംബ് ആക്രമണങ്ങൾ, പിടിച്ചുപറികൾ എന്നിവയിൽ എല്ലാം ഇയാൾ പ്രതിയാണ്. ബട്ടാല പോലീസ് അഭ്യർത്ഥിച്ച റെഡ് കോർണർ നോട്ടീസിന്റെ അടിസ്ഥാനത്തിൽ വിദേശകാര്യമന്ത്രാലയം സ്വീകരിച്ച നടപടികളിലൂടെ ആണ് യുഎഇ ഇയാളെ അബുദാബിയിൽ നിന്നും കസ്റ്റഡിയിലെടുത്തത്.
നീതി ഉയർത്തിപ്പിടിക്കുന്നതിനും ദേശീയ സുരക്ഷ ശക്തിപ്പെടുത്തുന്നതിനുമുള്ള ഈ സംയുക്ത ശ്രമത്തിൽ വിലമതിക്കാനാവാത്ത സഹകരണത്തിന് കേന്ദ്ര ഏജൻസികൾക്കും, വിദേശകാര്യ മന്ത്രാലയത്തിനും (എംഇഎ) യുണൈറ്റഡ് അറബ് എമിറേറ്റ്സ് സർക്കാരിനും നന്ദി അറിയിക്കുന്നതായി പഞ്ചാബ് പോലീസ് വ്യക്തമാക്കി. നിരോധിത ഭീകര സംഘടനയായ ബബ്ബർ ഖൽസ ഇന്റർനാഷണൽ എന്നിവയുമായി സഹകരിച്ച് പഞ്ചാബിൽ നിരവധി ഭീകര പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ള പർമീന്ദർ സിങ്ങിനെതിരെ ദേശീയ അന്വേഷണ ഏജൻസിയും അന്വേഷണം നടത്തുന്നതാണ്.
Discussion about this post