ഇന്ത്യയുടെ വികസനക്കുതിപ്പ് ടോപ്പ് ഗിയറിലെത്തിക്കാനുള്ള വമ്പൻ നിധിശേഖരം ഇന്ത്യൻ മഹാസമുദ്രത്തിൽ ആൻഡമാൻ ദ്വീപിനരികെയുണ്ടെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി. രണ്ട് ലക്ഷം കോടിയോളം വരുന്ന അസംസ്‌കൃത എണ്ണയാണ് ആൻഡമാൻ ദ്വീപിനരികെ കണ്ടെത്തിയിരിക്കുന്നത്. അടുത്തിടെ ഗയാനയിൽ കണ്ടെത്തിയ എണ്ണപ്പാടത്തേക്കാൾ വലുതായിരിക്കും ഇതെന്നും അദ്ദേഹം വ്യക്തമാക്കി.
ആൻഡമാൻ ദ്വീപുകളുടെ കിഴക്കൻ തീരത്ത് നിന്ന് 17 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ശ്രീ വിജയപുരത്തെ രണ്ടാമത്തെ പര്യവേഷണ കിണറിൽ നിന്നാണ് കണ്ടെത്തൽ. സമുദ്രത്തിൽ 295 മീറ്റർ ആഴത്തിലുള്ള ഈ കിണർ 2,650 മീറ്റർ ആഴത്തിൽ ഡ്രില്ലിംങ് പൂർത്തിയാക്കിയപ്പോഴാണ് പ്രതീക്ഷയ്ക്കപള്ള വകയുണ്ടായിരിക്കുന്നത്. ഇപ്പോഴത്തെ പര്യവേഷണങ്ങൾ വിജയത്തിലെത്തിയാൽ ഇന്ത്യയും സമാന രീതിയിൽ കുതിക്കുമെന്നാണ് മന്ത്രിയുടെ പ്രതീക്ഷ. ഇതോടെ ഇപ്പോഴത്തെ 3.7 ട്രില്യൻ ഡോളറിന്റെ ഇന്ത്യൻ സാമ്പത്തിക മേഖല 20 ട്രില്യൻ കോടി ഡോളറിന്റേതാകുമെന്നും മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.
അസം, ഗുജറാത്ത്, രാജസ്ഥാൻ, മുംബൈ ഹൈ, കൃഷ്ണ-ഗോദാവരി നദീതടം എന്നീ സ്ഥലങ്ങളിലാണ് നിലവിൽ രാജ്യത്ത് എണ്ണ പര്യവേഷണം നടക്കുന്നത്. കൂടാതെ അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിന് വിശാഖപട്ടണം, മംഗളൂരു, പദൂർ എന്നിവിടങ്ങളിൽ തന്ത്രപരമായ പെട്രോളിയം റിസർവുകളും സൂക്ഷിക്കുന്നുണ്ട്. ഓയിൽ ഇന്ത്യ, ഒ.എൻ.ജി.സി തുടങ്ങിയ കമ്പനികളുടെ സഹകരണത്തോടെ ആൻഡമാൻ ആൻഡ് നിക്കോബാർ ദ്വീപുകളിലേക്ക് കൂടി എണ്ണ പര്യവേഷണം നീക്കാനാണ് കേന്ദ്രപദ്ധതി. പൊതുമേഖലാ സ്ഥാപനമായ ഒ.എൻ.ജി.സി നിലവിൽ 438 എണ്ണക്കിണറുകളാണ് രാജ്യത്ത് പ്രവർത്തിപ്പിക്കുന്നത്. ഇത് 37 വർഷത്തെ ഏറ്റവും വലുതാണ്. പര്യവേഷണത്തിന് 37,000 കോടി രൂപ കമ്പനി ചെലവിട്ടതായും കണക്കുകൾ പറയുന്നു.
Discussion about this post