ന്യൂഡൽഹി : ഏപ്രിൽ 22-ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 നിരപരാധികളെ ക്രൂരമായി കൊലപ്പെടുത്തിയ പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് ബ്രിക്‌സ് വിദേശകാര്യ മന്ത്രിമാരുടെ വാർഷിക യോഗം. ഭീകരതയോട് ഒരു വിട്ടുവീഴ്ചയും വരുത്തരുതെന്നും ഭീകരതയെ നേരിടുന്നതിൽ ഇരട്ടത്താപ്പ് ഒഴിവാക്കണമെന്നും യോഗത്തിൽ പങ്കെടുത്തവർ വ്യക്തമാക്കി. ന്യൂയോർക്കിൽ ഐക്യരാഷ്ട്രസഭയുടെ പൊതുസഭയുടെ (UNGA) 80-ാമത് സെഷന്റെ ഭാഗമായി നടന്ന ബ്രിക്‌സ് വിദേശകാര്യ മന്ത്രിമാരുടെ വാർഷിക യോഗത്തിലാണ് ഈ നടപടി ഉണ്ടായത്.
2026-ലെ ബ്രിക്‌സ് അധ്യക്ഷ പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യയാണ് യോഗത്തിൽ അധ്യക്ഷത വഹിച്ചത്. അതിർത്തി കടന്നുള്ള തീവ്രവാദികളുടെ പ്രവർത്തനങ്ങൾ, തീവ്രവാദ ധനസഹായം, സുരക്ഷിത താവളങ്ങൾ എന്നിവയുൾപ്പെടെ എല്ലാ രൂപങ്ങളിലുമുള്ള ഭീകരതയെയും അതിന്റെ പ്രവർത്തനങ്ങളെയും ചെറുക്കുന്നതിനുള്ള പ്രതിബദ്ധത ബ്രിക്സ് അംഗരാജ്യങ്ങൾ ഉറപ്പിച്ച് വ്യക്തമാക്കി.
യുഎൻ ചട്ടക്കൂടിനുള്ളിൽ അന്താരാഷ്ട്ര ഭീകരതയെക്കുറിച്ചുള്ള സമഗ്ര കൺവെൻഷൻ വേഗത്തിൽ അന്തിമമാക്കാനും അംഗീകരിക്കാനും ബ്രിക്സ് ആവശ്യം ഉന്നയിച്ചു. കൂടാതെ, വിവേചനരഹിതമായ തീരുവ വർദ്ധനവിന്റെ രൂപത്തിലുള്ള വ്യാപാര നിയന്ത്രണ നടപടികളുടെ വ്യാപനത്തിൽ ബ്രിക്സ് രാജ്യങ്ങൾ ആശങ്ക പ്രകടിപ്പിച്ചു. ആഗോള വ്യാപാരം കൂടുതൽ കുറയ്ക്കുന്നതിനും, ആഗോള വിതരണ ശൃംഖലകളെ തടസ്സപ്പെടുത്തുന്നതിനും, അന്താരാഷ്ട്ര സാമ്പത്തിക, വ്യാപാര പ്രവർത്തനങ്ങളിൽ അനിശ്ചിതത്വം കൊണ്ടുവരുന്നതിനും ഭീഷണിയാകുന്ന നിർബന്ധിത നടപടികളാണ് ഇതെന്ന് ബ്രിക്സ് വിലയിരുത്തി.
Discussion about this post