ഇസ്ലാമാബാദ് : പാക് അധിനിവേശ കശ്മീരിൽ വൻതോതിലുള്ള പ്രതിഷേധവും സംഘർഷവും തുടരുന്നു. പാകിസ്താൻ സർക്കാരിനെതിരായ പ്രതിഷേധങ്ങൾ ഇപ്പോൾ കലാപമായി മാറിയിരിക്കുകയാണ്. പാകിസ്താൻ സർക്കാർ മേഖലയിൽ സുരക്ഷാസേനയെ വിന്യസിച്ചിട്ടുണ്ട്. സംഘർഷം കൂടുതൽ വ്യാപിക്കുന്നത് തടയാനായി ഇന്റർനെറ്റും വിച്ഛേദിച്ചു.
തിങ്കളാഴ്ച അവാമി ആക്ഷൻ കമ്മിറ്റി (എഎസി)യുടെ നേതൃത്വത്തിലാണ് പാക് അധിനിവേശ കശ്മീരിൽ വ്യാപകമായ പ്രക്ഷോഭങ്ങൾ അരങ്ങേറിയത്. പാകിസ്താനിൽ സ്ഥിരതാമസമാക്കിയ കശ്മീരി അഭയാർത്ഥികൾക്കായി സംവരണം ചെയ്തിരിക്കുന്ന 12 നിയമസഭാ സീറ്റുകൾ നിർത്തലാക്കുക, ജലവൈദ്യുത കരാറുകളുടെ പുനരാലോചന, വർദ്ധിച്ചുവരുന്ന പണപ്പെരുപ്പത്തിന്റെ ഭാരം ലഘൂകരിക്കുന്നതിന് ഉടനടി മാവ് സബ്‌സിഡികൾ നൽകുക, വൈദ്യുതി താരിഫുകളെ പ്രാദേശിക ഉൽപാദന നിരക്കുകളുമായി ബന്ധിപ്പിക്കുക തുടങ്ങിയ ഒന്നിലധികം ആവശ്യങ്ങൾ ആണ് അവാമി ആക്ഷൻ കമ്മിറ്റി ഉയർത്തുന്നത്.
പാക് അധീന കശ്മീരിലെ പ്രതിഷേധങ്ങൾ ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കടുത്ത ആശങ്കയുണ്ടാക്കുന്നതാണ്. പ്രതിഷേധങ്ങൾ മുന്നോട്ടു പോയാൽ പാകിസ്താനിൽ നിന്നുള്ള സ്വാതന്ത്ര്യത്തിനായുള്ള വിശാലമായ ആവശ്യങ്ങളായി വളരുമെന്ന് പാക് ഭരണകൂടം ആശങ്കാകുലരാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വലിയ തോതിൽ സുരക്ഷാസേനയെ വിന്യസിച്ചു കൊണ്ട് കലാപം അടിച്ചമർത്താനുള്ള ശ്രമമാണ് ഇപ്പോൾ പാകിസ്താൻ ഭരണകൂടം സ്വീകരിക്കുന്നത്.
Discussion about this post