പാകിസ്താൻ സൈനിക മേധാവി അസിം മുനീറിനെതിരെ പാക് പാർലമെന്റിൽ വ്യാപക വിമർശനം. അപൂർവ്വ ഭൗമധാതു വസ്തുക്കൾ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് സമ്മാനമായി നൽകിയ പ്രവൃത്തിയാണ് വിമർശനത്തിന് കാരണമാകുന്നത്. സെനറ്റർ ഐമൽ വലി ഖാനാണ് അസിം മുനീറിനെതിരെ ആദ്യം രംഗത്തെത്തിയത്.
വിലയേറിയ കച്ചവടവസ്തുക്കൾ ഉപഭോക്താവിനു മുന്നിൽ പ്രദർശിപ്പിക്കുന്ന കടക്കാരന്റെ മനോഭാവമാണ് സൈനിക മേധാവിയുടെതെന്ന് ഐമൽ വലി ഖാൻ വിമർശിച്ചു. ”നമ്മുടെ സൈനിക മേധാവി ഒരു പെട്ടിയിൽ അപൂർവ ഭൗമധാതുക്കളുമായി ട്രംപിനെ ചുറ്റിക്കറങ്ങുകയാണ്. എന്തൊരു തമാശയും പരിഹാസ്യവുമാണിത്. ഏതെങ്കിലുമൊരു സൈനിക മേധാവി ഇങ്ങനെ അപൂർവ ഭൗമധാതുക്കളും പെട്ടിയിലാക്കി സഞ്ചരിക്കുമോ? കടയിലെ വിലയേറിയ വസ്തുക്കൾ ഉപഭോക്താവിനെ കൊണ്ട് വാങ്ങിപ്പിക്കാൻ ശ്രമിക്കുന്ന കടക്കാരനെ പോലെയാണത്.’ പാർലമെന്റിൽ സംസാരിക്കവേ വലി ഖാൻ പറഞ്ഞു.
ധാതുക്കൾ ട്രംപിനെ കാണിച്ച നടപടി സേഛാധിപത്യപരമാണെന്നും ഇത് ജനാധിപത്യ ലംഘനമല്ലേ എന്നും അദ്ദേഹം ചോദിക്കുന്നു. വൈറ്റ് ഹൗസ് പുറത്തുവിട്ട ചിത്രത്തിലാണ് യു.എസ് സന്ദർശന വേളയിൽ ട്രംപിന് ധാതുക്കളടങ്ങിയ പെട്ടി കൈയിൽ കൊടുക്കുന്ന ദൃശ്യങ്ങളുള്ളത്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള യുദ്ധം തങ്ങളാണ് അവസാനിപ്പിച്ചതെന്ന് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടതിനു ശേഷം ഇത് മൂന്നാമത്തെ തവണയാണ് അസിം മുനീർ യു.എസ് സന്ദർശനം നടത്തുന്നത്
Discussion about this post