ഈ മാസം അവസാനത്തോടെ തന്നെ, ചൈനയുമായുള്ള നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന് വ്യക്തമാക്കി ഇന്ത്യ. 2020 ന് ശേഷം ആദ്യമായാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള നേരിട്ടുള്ള വിമാന സർവീസ് നടത്താനൊരുങ്ങുന്നത്.എസ്‌സിഒ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് വിമാന സർവീസുകൾ പുനഃസ്ഥാപിക്കാനുള്ള തീരുമാനം.
ഒക്ടോബർ അവസാനത്തോടെ നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കാനാണ് ധാരണ. ഇത് ശൈത്യകാല ഷെഡ്യൂളിന് അനുസരിച്ചായിരിക്കും. ഇരു രാജ്യങ്ങളിലെയും വിമാനക്കമ്പനികളുടെ വാണിജ്യപരമായ തീരുമാനങ്ങൾക്കും പ്രവർത്തനപരമായ മാനദണ്ഡങ്ങൾക്കും വിധേയമായിരിക്കും ഈ സർവീസുകൾ
വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനെക്കുറിച്ചും പുതുക്കിയ വ്യോമ സേവന കരാർ അന്തിമമാക്കുന്നതിനെക്കുറിച്ചും ഇരു രാജ്യങ്ങളിലെയും സിവിൽ ഏവിയേഷൻ അധികൃതർ ഈ വർഷം ആദ്യം മുതൽ സാങ്കേതിക തലത്തിലുള്ള ചർച്ചകൾ നടത്തിയതായി വിദേശകാര്യ മന്ത്രാലയം (എംഇഎ) അറിയിച്ചു. ഇന്ത്യയിലെും ചൈനയിലെയും ജനങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ സുഗമമാക്കുമെന്നും, ഉഭയകക്ഷി വിനിമയങ്ങൾ ക്രമേണ സാധാരണ നിലയിലാക്കുന്നതിന് ഇത് കാരണമാകുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
കഴിഞ്ഞ മാസം ഇന്ത്യ ചൈനീസ് പൗരന്മാർക്ക് വിസ നൽകുന്നത് പുനരാരംഭിച്ചിരുന്നു. കൈലാസ് മാനസരോവർ യാത്ര നടത്തുന്ന ഇന്ത്യൻ തീർത്ഥാടകർക്ക് ചൈന വീണ്ടും പ്രവേശനാനുമതിയും നൽകിയിരുന്നു
Discussion about this post