മ്യൂണിക്ക് : യൂറോപ്യൻ രാജ്യങ്ങൾക്ക് മേൽ ആശങ്ക വിതച്ച് ആകാശത്ത് ഡ്രോണുകൾ പ്രത്യക്ഷപ്പെടുന്നത് പതിവായിരിക്കുകയാണ്. ഏറ്റവും ഒടുവിലായി ഇത്തരത്തിൽ ഡ്രോണുകൾ കണ്ടെത്തിയത് ജർമ്മനിയിലാണ്. മ്യൂണിക്ക് വിമാനത്താവളത്തിന് സമീപം വട്ടമിട്ട് പറക്കുന്ന ഡ്രോണുകൾ കണ്ടെത്തിയതിനെത്തുടർന്ന് വിമാനത്താവളത്തിന്റെ പ്രവർത്തനം നിർത്തിവച്ചു.
മ്യൂണിക്കിൽ ഇറങ്ങേണ്ടിയിരുന്ന വിമാനങ്ങളെ സ്റ്റുട്ട്ഗാർട്ട്, ന്യൂറംബർഗ്, വിയന്ന, ഫ്രാങ്ക്ഫർട്ട് എന്നിവിടങ്ങളിലേക്ക് എയർ ട്രാഫിക് കൺട്രോൾ വഴിതിരിച്ചുവിട്ടു. വിമാനത്താവളം താൽക്കാലികമായി നിർത്തിവച്ചതിനാൽ ലുഫ്താൻസയുടെ പത്തൊമ്പത് വിമാനങ്ങൾ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തതായി എയർലൈൻസ് വ്യക്തമാക്കി. ഇരുട്ടായതിനാൽ ഡ്രോണുകളുടെ തരം, വലുപ്പം അല്ലെങ്കിൽ ഉത്ഭവം എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ സ്ഥിരീകരിച്ചിട്ടില്ലെന്നാണ് ഫെഡറൽ പോലീസ് അറിയിക്കുന്നത്.
അതേസമയം ബെൽജിയത്തിലും ഇതേ രീതിയിൽ ആകാശത്ത് നിരവധി ഡ്രോണുകൾ പ്രത്യക്ഷപ്പെട്ടു. ജർമ്മൻ അതിർത്തിക്കടുത്തുള്ള എൽസെൻബോൺ സൈനിക കേന്ദ്രത്തിന് മുകളിൽ 15 ഡ്രോണുകൾ കണ്ടതായി ബെൽജിയൻ അധികൃതർ അറിയിച്ചു. ഈ ഡ്രോണുകൾ എവിടെ നിന്നാണ് വരുന്നതെന്നോ ആരാണ് പ്രവർത്തിപ്പിക്കുന്നത് എന്നോ ഈ രാജ്യങ്ങൾക്ക് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഏതാനും ദിവസങ്ങൾക്കു മുൻപ് 20 റഷ്യൻ ഡ്രോണുകൾ പോളണ്ടിലേക്ക് കടക്കുകയും റഷ്യൻ മിഗ്-31 ജെറ്റുകൾ എസ്തോണിയൻ വ്യോമാതിർത്തിയിൽ പ്രവേശിക്കുകയും ചെയ്ത സാഹചര്യത്തിൽ ഈ സംഭവങ്ങൾ യൂറോപ്യൻ രാജ്യങ്ങളിൽ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.
Discussion about this post