ഭീകരവാദം സ്‌പോൺസർ ചെയ്യുന്നത് പാതിസ്താൻ നിർത്തിയേ തീരുവെന്ന് അന്ത്യശാസനം നൽകി ഇന്ത്യൻ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. ഭൂപടത്തിൽ സ്ഥാനം നിലനിർത്തണമെന്നുണ്ടെങ്കിൽ പാകിസ്താൻ ഭീകരതയെ പിന്തുണക്കുന്ന അവസാനിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഭീകരവാദികളെ കയറ്റുമതി ചെയ്യുന്നത് നിർത്താൻ പാകിസ്താൻ വിസമ്മതിച്ചാൽ ഓപ്പറേഷൻ സിന്ദൂരിന്റെ രണ്ടാം പതിപ്പ് ഉണ്ടാകുമെന്ന സൂചനയും അദ്ദേഹം നൽകി. രാജസ്ഥാനിലെ അനുപ്ഗഡിൽ ഒരു സൈനിക പോസ്റ്റിൽ സംസാരിക്കുകയായിരുന്നു കരസേനാ മേധാവി.
ഭീകരവാദത്തിനെതിരെയാണ് ഇന്ത്യയുടെ പോരാട്ടം.ഓപ്പറേഷൻ സിന്ദൂർ പോലുള്ള നടപടികളിൽ നിന്ന് തങ്ങൾ ഇനി വിട്ടു നിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ലോകചരിത്രത്തിലും ഭൂമി ശാസ്ത്രത്തിലും തുടരണമോയെന്ന് പാകിസ്താന് തീരുമാനിക്കാം. ഭൗമശാസ്ത്രപരമായ സാന്നിധ്യം കാത്തുസൂക്ഷിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ ഭീകരതയെ പിന്തുണയ്ക്കുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ സൈനികരോട് സജ്ജരായിരിക്കാനും, അവരുടെ ഫയർ പവർ ഉടൻ തന്നെ പ്രയോഗിക്കാൻ മറ്റൊരു അവസരം ലഭിച്ചേക്കാമെന്നും ജനറൽ ദ്വിവേദി പറഞ്ഞു. ‘ദയവായി പൂർണ്ണമായും തയ്യാറാകൂ. ദൈവം അനുവദിച്ചാൽ, നിങ്ങൾക്ക് വളരെ വേഗം മറ്റൊരു അവസരം ലഭിക്കും. എല്ലാ ആശംസകളും’, അദ്ദേഹം കൂട്ടിച്ചേർത്തു.
ഓപ്പറേഷൻ സിന്ദൂറിൻറെ വിജയത്തെയും അദ്ദേഹം ഉയർത്തിക്കാട്ടി. പാകിസ്താനിലെ ഒൻപത് ഭീകര കേന്ദ്രങ്ങൾ ഇന്ത്യൻ സേന തകർത്തു. ഈ സൈനിക നടപടിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പേര് നിർദ്ദേശിച്ചത്. സ്ത്രീകൾക്ക് വേണ്ടി ആ പേര് സമർപ്പിച്ചുവെന്നും ദ്വിവേദി പറഞ്ഞു. ഒരു സ്ത്രീ സിന്ദൂരം തൊടുമ്പോഴെല്ലാം ഓപ്പറേഷൻ സിന്ദൂറിൽ സുപ്രധാന പങ്ക് വഹിച്ച സൈനികരെ അവൾ ഓർക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post