ന്യൂഡൽഹി : രാജ്യത്തെ ദേശീയപാതകളിൽ ക്യു ആർ കോഡ് പ്രോജക്ട് ഇൻഫർമേഷൻ സൈൻബോർഡുകൾ സ്ഥാപിക്കുകയാണ് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ. ഹൈവേയുടെ തുടക്കത്തിലും അവസാനത്തിലും ടോൾ പ്ലാസകളിലും ട്രക്ക് പാർക്കിംഗ് സ്ഥലങ്ങളിലും എല്ലാം ഇത്തരം സൈൻബോർഡുകൾ ഇനി ലഭ്യമാകും. യാത്രക്കാർക്ക് അവശ്യ വിവരങ്ങളും അടിയന്തര ഹെൽപ്പ്‌ലൈൻ നമ്പറുകളും വേഗത്തിൽ ലഭ്യമാക്കുക എന്നതാണ് ഈ ബോർഡുകളുടെ ലക്ഷ്യം.
ക്യു ആർ കോഡ് സൈൻബോർഡുകൾ സ്കാൻ ചെയ്യുന്നത് വഴി യാത്രക്കാർക്ക് ഹൈവേയെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ ലഭിക്കുന്നതാണ്. ഹൈവേ നമ്പർ, ഹൈവേയുടെ ദൂരവും സ്ഥാനവും, ഹൈവേ പട്രോളിനെ ബന്ധപ്പെടാനുള്ള നമ്പർ, ടോൾ മാനേജർ, റസിഡന്റ് എഞ്ചിനീയർ നമ്പർ, അടിയന്തര ഹെൽപ്പ്‌ലൈൻ നമ്പർ എന്നിവ ഉൾപ്പെടെയുള്ള വിവരങ്ങൾ ക്യു ആർ കോഡ് സൈൻബോർഡുകൾ സ്കാൻ ചെയ്യുമ്പോൾ ലഭിക്കും.
പ്രധാനപ്പെട്ട സ്ഥലങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന മറ്റ് സൈൻബോർഡുകൾക്ക് സമീപവും വഴിയരികിലെ വിശ്രമ സ്ഥലങ്ങൾക്കും പൊതു സൗകര്യങ്ങൾക്കും സമീപവും ഇത്തരം ക്യു ആർ കോഡ് സൈൻബോർഡുകൾ സ്ഥാപിക്കുന്നതായിരിക്കും. തൽക്ഷണ അടിയന്തര നമ്പറുകളും പ്രാദേശിക വിവരങ്ങളും നൽകുന്നതിലൂടെ റോഡ് സുരക്ഷ മെച്ചപ്പെടുത്താൻ ഇത്തരം സൈൻ ബോർഡുകൾ സഹായിക്കുമെന്ന് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ വ്യക്തമാക്കി.
Discussion about this post