വാഷിംഗ്ടൺ : യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവതരിപ്പിച്ച ഗാസയ്ക്കുള്ള 20 ഇന സമാധാന പദ്ധതി അംഗീകരിക്കുന്നതിനായി ഹമാസിന് ഞായറാഴ്ച വരെ സമയപരിധി. ഞായറാഴ്ച ഹമാസിന് ‘ഡെഡ്ലൈൻ’ ആണെന്ന് ട്രംപ് സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വ്യക്തമാക്കി. സമാധാന കരാർ അംഗീകരിച്ചില്ലെങ്കിൽ ഹമാസ് എല്ലാ നരകവും ഒന്നിച്ചു കാണേണ്ടി വരുമെന്നും ട്രംപ് സൂചിപ്പിച്ചു.
ഒക്ടോബർ 7 ലെ കൂട്ടക്കൊലയ്ക്ക് ഹമാസിനെ രൂക്ഷമായി വിമർശിച്ചു കൊണ്ടായിരുന്നു ട്രംപ് ട്രൂത്ത് സോഷ്യലിലെ പോസ്റ്റ് പങ്കുവെച്ചത്. ഒക്ടോബർ 7ന് ഇസ്രായേലിൽ നടത്തിയ കൂട്ടക്കൊല ‘നിർദയവും അക്രമാസക്തവുമായ ഭീഷണി’ എന്നാണ് യുഎസ് പ്രസിഡണ്ട് വിശേഷിപ്പിച്ചത്. ഒക്ടോബർ 7 ലെ ആക്രമണത്തിനുള്ള പ്രതികാരമായി, ഹമാസിന് ഇതിനകം 25,000-ത്തിലധികം ‘സൈനികരെ’ നഷ്ടപ്പെട്ടുവെന്നും ബാക്കിയുള്ളവർ വളയപ്പെട്ടു കഴിഞ്ഞെന്നും കുടുങ്ങിക്കിടക്കുകയാണെന്നും ട്രംപ് വ്യക്തമാക്കി.
യുദ്ധം ഉടനടി അവസാനിപ്പിക്കാനും ഹമാസ് തടവിലാക്കിയിരിക്കുന്ന 20 ഇസ്രായേലി ബന്ദികളെയും മരിച്ചതായി കരുതപ്പെടുന്ന ബന്ദികളുടെ ഭൗതിക അവശിഷ്ടങ്ങളും 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കുന്നത് ഉൾപ്പെടെയുള്ള 20 പോയിന്റ്റുകളാണ് ഗാസ സമാധാന പദ്ധതിയിൽ നിർദ്ദേശിക്കുന്നത്. “ഈ അവസാന അവസരത്തിൽ കരാറിൽ എത്തിയില്ലെങ്കിൽ, ഇതുവരെ ആരും കണ്ടിട്ടില്ലാത്ത വിധം എല്ലാ നരകവും ഹമാസിനെതിരെ പൊട്ടിത്തെറിക്കും. മധ്യപൂർവദേശത്ത് ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ സമാധാനം ഉണ്ടാകും” എന്നും ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ അറിയിച്ചു.
Discussion about this post