രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ നൂറാം വാർഷികം ഓരോ സ്വയംസേവകനും എത്രത്തോളം ആത്മാർത്ഥതയോടെയും അഭിമാനത്തോടെയും ആണ് ആഘോഷിച്ചത് എന്ന് വ്യക്തമാക്കുന്ന ഒരു പോസ്റ്റ് ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. എബിവിപി കേരള സംസ്ഥാന പ്രസിഡണ്ടും അധ്യാപകനുമായ ഡോ. വൈശാഖ് സദാശിവൻ ആണ് ഈ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. സംഘത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുന്ന ഈ വർഷത്തെ വിജയദശമീ ദിന പദസഞ്ചലനത്തിൽ മാർച്ച് ചെയ്യുന്നതിനായി ഏറെക്കാലമായി ഉണ്ടായിരുന്ന രൂപത്തിൽ മാറ്റം വരുത്തിയതിനെ കുറിച്ചാണ് അദ്ദേഹം വ്യക്തമാക്കുന്നത്.
ഡോ. വൈശാഖ് സദാശിവൻ പങ്കുവെച്ച സമൂഹമാധ്യമ പോസ്റ്റ്,
“സാർ.. കഴിഞ്ഞ ക്ലാസ്സിൽ പഠിപ്പിക്കാൻ വന്ന സാറിന്റെ ശബ്ദവും സാറിന്റെ ശബ്ദവും ഒരു പോലെയിരിക്കുന്നു.. പക്ഷേ…”
ആകെ സംശയ ഭാവത്തിൽ കുട്ടികൾ പരസ്പരം നോക്കുകയാണ്..
“എടോ.. ശബ്ദം മാത്രമല്ല, ആ സാറും ഈ സാറും ഞാൻ തന്നെയാണ്.. മുടിയും താടിയും ഒന്നു വെട്ടിയെന്നേയുള്ളൂ.. ”
ഇന്നലെ അഞ്ചാം സെമെസ്റ്റർ വിദ്യാർത്ഥികളുടെ ‘ഓപ്പൺ കോഴ്സ്’ ക്ലാസ്സിൽ പോയപ്പോളുണ്ടായ അനുഭവമാണ്. അവരെ കുറ്റം പറയാനാവില്ല. അവർ കെമിസ്ട്രി ഡിപ്പാർട്മെന്റിലെ വിദ്യാർഥികളല്ല, മറിച്ച് എക്കണോമിക്സ്, കോമേഴ്‌സ്, ഹിന്ദി, ഹിസ്റ്ററി, ഇംഗ്ലീഷ്, സുവോളജി, മൈക്രോ ബയോളജി തുടങ്ങി വിവിധ ഡിപ്പാർട്ട്മെന്റുകളിലെ കുട്ടികളായിരുന്നു. കഷ്ടിച്ച് എന്റെ അഞ്ചോ ആറോ ക്ലാസുകളിലാണ് അവർ ഇരിന്നിട്ടുള്ളത്. അവരുടെ ഓർമ്മയിലെ ഞാൻ, താടിയും മുടിയും നീട്ടി വളർത്തിയ ജുബ്ബയിട്ട സാറാണ്. അവിടേക്ക് മുടിയും പറ്റേ വെട്ടി, താടി ക്ലീൻ ഷേവും ചെയ്തു ചെന്നാൽ തിരിച്ചറിയണമെന്ന് നിർബന്ധമൊന്നുമില്ല.
കുട്ടികൾക്ക് മാത്രമല്ല, സഹപ്രവർത്തകരായ അധ്യാപകർക്കും അനധ്യാപകർക്കും ഉൾപ്പെടെ ഒറ്റനോട്ടത്തിൽ എന്നെ തിരിച്ചറിയാൻ കഴിഞ്ഞില്ല എന്നതാണ് യാഥാർത്ഥ്യം. ഇന്നലെ രാവിലെ ചായ കുടിക്കാൻ കോളേജ് കാന്റീനിൽ പോയപ്പോൾ സ്വതസിദ്ധമായ രീതിയിൽ ഞാൻ ചിരിച്ചിട്ടും പലരും ശ്രദ്ധിക്കുന്നില്ല. പിന്നെയൊന്നു സൂക്ഷിച്ചു നോക്കിയിട്ടാണ് അത്ഭുതത്തോടെ “അയ്യോ.. മനസിലായില്ല.. എന്ത് പറ്റി..?” എന്ന ചോദ്യം ഉന്നയിച്ചത്.. കാരണം SD കോളേജിൽ നാലു വർഷങ്ങൾക്കു മുൻപ് ചേർന്നപ്പോൾ മുതൽ അവരുടെയും ഓർമ്മകളിലെ ഞാൻ താടിയും മുടിയും നീട്ടി വളർത്തിയ ജുബ്ബക്കാരനാണ്.
അവിടം കൊണ്ടും തീർന്നില്ല.. ഇന്ന് കേരള സർവകലാശാലയുടെ പാളയത്തെ ആസ്ഥാനത്ത് പോയിരുന്നു. അശ്വതിയുടെ ഒരാവശ്യത്തിനാണ് പോയത്. ഇന്ന് സർവകലാശാലയിൽ പ്രത്യേക സെനറ്റ് യോഗം നടന്നതിനാൽ അതിനായി എത്തിയ സെനറ്റ് അംഗങ്ങളായ ചില അധ്യാപികമാരെ ആകസ്മികമായി കണ്ടു. പലർക്കും മനസിലായില്ല എന്നതാണ് വസ്തുത. എവിടെയോ കണ്ട ഒരോർമ മാത്രം. ദീർഘകാലത്തെ പരിചയമുള്ളതാണ് കാര്യവട്ടം ക്യാമ്പസ്സിലെ സംസ്‌കൃത വിഭാഗം മേധാവി വിജയ ടീച്ചറുമായിട്ട്. ടീച്ചറേയും ഇന്ന് യൂണിവേഴ്സിറ്റി വച്ച് കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു. പക്ഷേ ടീച്ചറിനും മനസ്സിലായില്ല. കൂടാതെ വർഷങ്ങളായി പരിചയമുള്ള യൂണിവേഴ്സിറ്റിയിൽ ജോലി ചെയ്യുന്ന ചില സുഹൃത്തുക്കൾക്കും ഒറ്റനോട്ടത്തിൽ തിരിച്ചറിയാനായില്ല. ബന്ധുക്കളുടെ കാര്യത്തിലും അവസ്ഥ സമാനമായിരുന്നു. വളരെ സൂക്ഷിച്ചു നോക്കിയിട്ടാണ് പലരും എന്നെ തിരിച്ചറിഞ്ഞത്.
ആരെയും കുറ്റം പറയാനാകില്ല. കഴിഞ്ഞ ഏഴ് വർഷമായിട്ട് അവരുടെ മനസ്സിലെ എന്നെ കുറിച്ചുള്ള രൂപം തീർത്തും മറ്റൊന്നായിരുന്നു. മുടി നീട്ടി വളർത്തിയ, താടിയുള്ള ജുബ്ബാക്കാരൻ. അതിഥി അധ്യാപകനായും സ്ഥിരം അധ്യാപകനായുമൊക്കെ പ്രവർത്തിക്കാൻ തുടങ്ങിയത് മുതൽ അതായിരുന്നു രൂപം. രണ്ടാമതും ABVP യിൽ സജീവമായി സംഘടനാ പ്രവർത്തനം തുടങ്ങിയപ്പോഴും അതായിരുന്നു രൂപം. അതുകൊണ്ട് തന്നെ ഇന്നെന്റെ ചുറ്റിലുമുള്ള വലിയൊരു സമൂഹത്തിന്റെ മനസ്സിൽ എന്നെ കുറിച്ചുള്ള രൂപം അതാണ്. ഒറ്റയടിക്ക് അതിൽ മാറ്റം വരുമ്പോൾ തിരിച്ചറിയാൻ ചിലപ്പോൾ പ്രയാസമാകും.
രസകരമായ മറ്റൊരു സംഭവമുണ്ടായി. നാട്ടിലുള്ള ഒരു അമ്പലത്തിൽ വിജയ ദശമി നാളിൽ പോയി. ഏതാണ്ട് 15-20 വർഷങ്ങൾക്ക് മുൻപ് അവിടത്തെ എല്ലാ വിഷയങ്ങളിലും സജീവമായി ഇടപെട്ടിരുന്ന ഒരാളായിരുന്നു ഞാൻ. അവിടെയുള്ള ഒരുപാട് പേർക്ക് ഈ പുതിയ രൂപത്തിലും വളരെ പെട്ടെന്ന് എന്നെ തിരിച്ചറിയാൻ സാധിച്ചു. കാരണം അവരുടെ ഓർമയിലുള്ള എന്റെ രൂപം നിലവിലുള്ളതാണ്. ഏതാണ്ട് കഴിഞ്ഞ 8-9 വർഷങ്ങളായി നാട്ടിൽ ഞാൻ അത്ര സജീവമല്ലാത്തതിനാൽ, എന്റെ നീട്ടി വളർത്തിയ താടിയും മുടിയുമുള്ള രൂപം, അവരുടെ ഓർമകളിലുമില്ല.
പുതിയ രൂപത്തെ കുറിച്ച് സമ്മിശ്രമായ പ്രതികരണങ്ങളാണ് ലഭിക്കുന്നത്. എനിക്ക് ഒരു 10 വയസ്സ് കുറഞ്ഞുവെന്ന പലരുടെയും കമന്റ് ആണ് അശ്വതിയെ കൂടുതൽ അലട്ടുന്നത് 🤪. മുടിയും താടിയും ഉള്ള രൂപമാണ് കൂടുതൽ നല്ലതെന്നാണ് ബഹുഭൂരിപക്ഷം വിദ്യാർത്ഥികളുടെയും അഭിപ്രായം. അല്ല, വെട്ടിത്തെളിച്ച ഈ രൂപമാണ് നല്ലതെന്നു അഭിപ്രായമുള്ളവരും നിരവധിയുണ്ട്. ചർച്ചകളും പ്രതികരണങ്ങളും അങ്ങനെ പോകുന്നു.
അതിനിടയിൽ എന്താണ് ഈ രൂപമാറ്റത്തിന് പിന്നിലെന്ന് ചോദിക്കുന്നവരും നിരവധിയാണ്. പഴയ രൂപം മടുത്തിട്ടല്ല, ഒരു തീരുമാനത്തിന്റെ, ആഗ്രഹത്തിന്റെ ഭാഗമായിരുന്നു ഈ രൂപമാറ്റം. കഴിഞ്ഞ കുറച്ചു വർഷങ്ങളായി വർഷത്തിൽ ഒരു തവണ മാത്രമാണ് താടി “ക്ലീൻ ഷേവ്” ചെയ്തിരുന്നത്. അത് വിജയദശമിനാളിൽ സംഘത്തിന്റെ പദസഞ്ചലനവുമായി ബന്ധപ്പെട്ടായിരുന്നു. അപ്പോഴും മുടി പൂർണമായും മുറിച്ചിരുന്നില്ല. എന്നാൽ സംഘം നൂറാം വർഷം പൂർത്തിയാക്കുന്ന ഇത്തവണത്തെ വിജയദശമീ ദിന പദസഞ്ചലനത്തിൽ മാർച്ച് ചെയ്യുമ്പോൾ, സംഘം നിഷ്കർഷിക്കുന്ന രീതിയിൽ തന്നെയാകണമെന്ന ഒരു നിർബന്ധം മനസ്സിൽ ഉണ്ടായിരുന്നു. വെട്ടിയൊതുക്കിയ മുടിയും ക്ലീൻ ഷേവ് ചെയ്ത താടിയും വടിവൊത്ത രീതിയിൽ തേച്ചെടുത്ത ഷർട്ടും പാന്റും നന്നായി പോളിഷ് ചെയ്ത ഷൂസുമൊക്കെയിട്ട് തന്നെ അതിന്റെ ഭാഗമാകണമെന്ന ആഗ്രഹമാണ് ഈ രൂപ മാറ്റത്തിന് പിന്നിൽ. താടിയും മുടിയുമൊക്കെ ഇനിയും വളരും. പക്ഷേ എന്റെ ജീവിതത്തിൽ ഒരിക്കലും സംഘ ശതാബ്ദി പോലുള്ള ഒരു അസുലഭ മുഹൂർത്തം ഇനി ലഭിക്കില്ല. ഒരു 50 വർഷങ്ങൾക്കപ്പുറം, സംഘം “150 വർഷങ്ങളുടെ നിലക്കാത്ത വിജയ ഗാഥകൾ” ആഘോഷിക്കുമ്പോൾ, അത് കാണാൻ അതിന്റെ ഭാഗമാകാൻ ഞാൻ ഉണ്ടാകണമെന്നുമില്ല..
ഡോ. വൈശാഖ് സദാശിവൻ
Discussion about this post