പങ്കാളികളായി ജീവിച്ചുപോരുന്ന രണ്ട് മനുഷ്യർക്കിടയിലേക്ക് ഒരു കുഞ്ഞെന്നത് പുതുമയുള്ള കാര്യമല്ല. പെണ്ണിന്റെ അണ്ഡവും ആണിന്റെ ബീജവും ഒന്നുചേരുമ്പോൾ ഭ്രൂണം നിർമ്മിക്കപ്പെടുകയും അത് സ്ത്രീശരീരത്തിൽ വച്ച് ഒമ്പതുമാസങ്ങൾക്കിപ്പുറം പൂർണവളർച്ചയെത്തിയ ശിശുവായും മാറുന്നു. നമുക്ക് അറിയാവുന്ന പ്രത്യുത്പാദന പ്രക്രിയ ഇതാണ്.
എന്നാൽ ശാസ്ത്രം വളർന്നതോടെ, ശരീരത്തിലെ ഏതൊരു കോശവും പ്രത്യുത്പാദനത്തിന് ഉപയോഗിക്കാവുന്ന സ്ഥിതിയിലേക്ക് എത്തിയിരിക്കുകയാണ് കാര്യങ്ങൾ. പല പ്രശ്‌നങ്ങൾ കൊണ്ട് കുട്ടികളില്ലാതെ വിഷമിച്ചിരിക്കുന്ന ദമ്പതികൾക്കും ഒരേ ലിംഗത്തിൽപ്പെട്ട പങ്കാളികളുള്ളവർക്കും ജനിതകപരമായി ബന്ധമുള്ള കുഞ്ഞിനെ ലഭിക്കാൻ സഹായിക്കുന്ന വിധമാണ് പുതിയ കണ്ടെത്തൽ.
അമേരിക്കയിലെ ഒറിഗോൾ ഹെൽത്ത് ആൻഡ് സയൻസ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് പഠനത്തിന് പിന്നിൽ. ചർമ്മ കോശത്തിലെ ന്യൂക്ലിയസ് എടുത്താണ് പരീക്ഷണം നടത്തിയത്. ഒരു ശരീരത്തെ കെട്ടിപ്പടുക്കാനുള്ള മുഴുവൻ ജനിതക കോഡിന്റെയും പകർപ്പ് ഈ ന്യൂക്ലിയസ്സിൽ അടങ്ങിയിരിക്കുന്നു. ഈ ന്യൂക്ലിയസിനെ ഒരു ദാതാവിന്റെ ജനിതക നിർദ്ദേശങ്ങളെല്ലാം നീക്കം ചെയ്യപ്പെട്ട അണ്ഡത്തിനുള്ളിൽ നിക്ഷേപിച്ചാണ് ഭ്രൂണത്തിന് രൂപം നൽകിയത്.
മനുഷ്യവികാസത്തിന്റെ ആദ്യഘട്ടത്തിലെ ഭ്രൂണവുമായി സാമ്യമുള്ളവയാണ് ഇവർ സൃഷ്ടിച്ചത് എന്നാൽ ഈ ഭ്രൂണങ്ങൾ പ്രത്യുത്പാദനത്തിനായി ഉപയോഗിക്കാൻ കഴിയില്ലെന്നും ശാസ്ത്രജ്ഞർ പറഞ്ഞു. എന്തുകൊണ്ട് ഗർഭധാരണം പരാജയപ്പെടുന്നു, എന്തുകൊണ്ട് ഗർഭം അലസുന്നു, എന്തുകൊണ്ട് ജനിതക വൈകല്യങ്ങൾ ഉണ്ടാകുന്നു, എന്നതിനെക്കുറിച്ചെല്ലാം ഇതുവഴി ശാസ്ത്രജ്ഞർക്ക് പഠിക്കാൻ കഴിയുമെന്നും ഗവേഷകർ വ്യക്തമാക്കുന്നു. പുതിയൊരു ജീവൻ സൃഷ്ടിക്കാനല്ല, മറിച്ച് ജീവനെ രക്ഷിക്കാനാണ് ഈ പരീക്ഷണത്തിലൂടെ ശ്രമിക്കുന്നതെന്നും ശാസ്ത്രജ്ഞർ പറഞ്ഞു
Discussion about this post