ബാങ്കുകളിലും മറ്റു ധനകാര്യ ഏജൻസികളിലുമായി 1.84 ലക്ഷം കോടി രൂപയുടെ സാമ്പത്തിക ആസ്‌തികൾ ഉടമകളില്ലാതെ കെട്ടിക്കിടക്കുന്നുവെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ. ബാങ്ക് നിക്ഷേപങ്ങൾ, ഇൻഷുറൻസ്, പ്രൊവിഡൻ്റ് ഫണ്ട്, ഓഹരികൾ എന്നിവയുടെ രൂപത്തിലാണ് ഇവ ബാങ്കുകളിൽ കിടക്കുന്നതെന്നും മന്ത്രി പറഞ്ഞു.ഗുജറാത്ത് ധനകാര്യ മന്ത്രി കന്നുഭായ് ദേശായ്, വിവിധ ബാങ്കുകളിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്ത ‘നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം’ എന്ന കാംപെയ്നിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ചടങ്ങിൽ ബാങ്കുകളിലെയും ധനകാര്യ മന്ത്രാലയത്തിലെയും മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുത്തു. ആസ്‌തികൾ യഥാർത്ഥ ഉടമകളിലേക്ക് എത്തുന്നുവെന്ന് ഉറപ്പാക്കാൻ അവബോധം, ആക്‌സസ്, ആക്ഷൻ എന്നീ മൂന്ന് കാര്യങ്ങൾ അടിസ്ഥാനമാക്കി പ്രവർത്തിക്കണമെന്നും മന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
“ഉടമകള്‍ അവകാശപ്പെടാത്ത പണം ബാങ്കുകളിലും ആർബിഐയിലും ഐഇപിഎഫിലുമായി (നിക്ഷേപക വിദ്യാഭ്യാസ, സംരക്ഷണ ഫണ്ട്) കിടക്കുകയാണ്. ആ ഫണ്ടുകളുടെ യഥാർഥ ഉടമകളെയും അവകാശികളെയും കണ്ടെത്തി അവർക്ക് പണം കൈമാറണം. കൂടാതെ, ഡിഎഫ്എസ് (ഫിനാൻഷ്യൽ സർവീസസ് വകുപ്പ്) പ്രകാരം 1,84,000 കോടി രൂപ അവിടെ കിടക്കുന്നുണ്ട്. അത് തികച്ചും സുരക്ഷിതമാണെന്ന് എനിക്ക് ഉറപ്പ് നൽകാൻ കഴിയും.
ഏതെങ്കിലും കാരണത്താല്‍ ഒരു ആസ്തി ദീര്‍ഘകാലം അവകാശികളില്ലാതെ കിടന്നാല്‍, അത് ഒരു സ്ഥാപനത്തില്‍ നിന്ന് മറ്റൊന്നിലേക്ക് മാറ്റപ്പെടുമെന്നും മന്ത്രി പറഞ്ഞു. നിക്ഷേപങ്ങളുടെ കാര്യത്തില്‍ അത് ബാങ്കുകളില്‍ നിന്ന് ആര്‍ബിഐയിലേക്കും, ഓഹരികളോ സമാനമായ ആസ്തികളോ ആണെങ്കില്‍ സെബിയില്‍ നിന്ന് ‘മറ്റൊരു കേന്ദ്രത്തിലേക്കോ ഐഇപിഎഫിലേക്കോ’ പോകുമെന്നും അവര്‍ പറഞ്ഞു.
Discussion about this post