ന്യൂഡൽഹി : ചീഫ് ജസ്റ്റിസ് ബി ആർ ഗവായിയുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സുപ്രീം കോടതിയിൽ വച്ച് ചീഫ് ജസ്റ്റിസിന് നേരെ ചെരുപ്പേറ് ഉണ്ടായതിനെ മോദി അപലപിച്ചു. ഈ സംഭവത്തിൽ ഓരോ ഇന്ത്യക്കാരനും രോഷാകുലനാണ് എന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
“ഇന്ത്യൻ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ബി.ആർ. ഗവായി ജിയോട് സംസാരിച്ചു. ഇന്ന് രാവിലെ സുപ്രീം കോടതി പരിസരത്ത് വെച്ച് അദ്ദേഹത്തിന് നേരെയുണ്ടായ ആക്രമണം എല്ലാ ഇന്ത്യക്കാരെയും ഞെട്ടിച്ചു. നമ്മുടെ സമൂഹത്തിൽ ഇത്തരം നിന്ദ്യമായ പ്രവൃത്തികൾക്ക് സ്ഥാനമില്ല. ഇത് അങ്ങേയറ്റം അപലപനീയമാണ്. ഇത്തരമൊരു സാഹചര്യത്തിൽ ജസ്റ്റിസ് ഗവായിയുടെ ക്ഷമയെ ഞാൻ അഭിനന്ദിക്കുന്നു. നീതിയുടെ മൂല്യങ്ങളോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയും നമ്മുടെ ഭരണഘടനയുടെ ആത്മാവിനെ ശക്തിപ്പെടുത്താനുള്ള അദ്ദേഹത്തിന്റെ ദൃഢനിശ്ചയവും ഇത് പ്രതിഫലിപ്പിക്കുന്നു” എന്ന് പ്രധാനമന്ത്രി മോദി എക്സിൽ പങ്കുവെച്ച ഒരു പോസ്റ്റിൽ എഴുതി.
അതേസമയം ചീഫ് ജസ്റ്റിസിനെതിരായ ആക്രമണത്തിൽ പ്രതിയായ അഭിഭാഷകൻ രാകേഷ് കിഷോറിനെ കോടതികളിൽ പ്രാക്ടീസ് ചെയ്യുന്നതിൽ നിന്ന് ബാർ കൗൺസിൽ ഓഫ് ഇന്ത്യ അടിയന്തര പ്രാബല്യത്തോടെ വിലക്കി. തിങ്കളാഴ്ച ചീഫ് ജസ്റ്റിസ് ബിആർ ഗവായിക്ക് നേരെ കിഷോർ ഷൂ എറിഞ്ഞതിനെ തുടർന്ന് ഇദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ചീഫ് ജസ്റ്റിസ് ഗവായി, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് ഒരു കേസ് പരിഗണിക്കുന്നതിനിടെ സുപ്രീംകോടതിയിൽ വച്ചാണ് സംഭവം നടന്നത്.
Discussion about this post