ന്യൂഡൽഹി : 24,634 കോടി രൂപയുടെ നാല് പ്രധാന റെയിൽവേ പദ്ധതികൾക്ക് അംഗീകാരം നൽകി കേന്ദ്രസർക്കാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചൊവ്വാഴ്ച ചേർന്ന മന്ത്രിസഭാ യോഗം ആണ് പുതിയ നാല് റെയിൽവേ പദ്ധതികൾക്ക് അംഗീകാരം നൽകിയത്. മധ്യ ഇന്ത്യയിലെ കണക്ടിവിറ്റി വർധിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് പുതിയ പദ്ധതികൾ തയ്യാറാക്കിയിരിക്കുന്നത്.
മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ 18 ജില്ലകളെ ഉൾക്കൊള്ളുന്നതാണ് ഈ പുതിയ നാല് പദ്ധതികൾ. ഈ റെയിൽ പാതകൾ യാഥാർത്ഥ്യമാകുന്നതോടെ നിലവിലുള്ള ഇന്ത്യൻ റെയിൽവേ ശൃംഖലയിലേക്ക് ഏകദേശം 894 കിലോമീറ്റർ കൂട്ടിച്ചേർക്കും. ഏകദേശം 3,633 ഗ്രാമങ്ങളിലേക്കുള്ള കണക്ടിവിറ്റി വർധിപ്പിക്കാൻ ഈ പദ്ധതികൾക്ക് കഴിയും.
മഹാരാഷ്ട്രയിലെ 314 കിലോമീറ്റർ നീളമുള്ള വാർധ-ഭൂസാവൽ സെക്ഷൻ, മഹാരാഷ്ട്രയെയും ഛത്തീസ്ഗഡിനെയും ഉൾക്കൊള്ളുന്ന 84 കിലോമീറ്റർ നീളമുള്ള ഗോണ്ടിയ-ഡോൺഗർഗഡ് സെക്ഷൻ, ഗുജറാത്ത്, മധ്യപ്രദേശ് എന്നിവ ഉൾക്കൊള്ളുന്ന 259 കിലോമീറ്റർ നീളമുള്ള വഡോദര-രത്‌ലം ഇടനാഴി, മധ്യപ്രദേശിലെ 237 കിലോമീറ്റർ നീളമുള്ള ഇറ്റാർസി-ഭോപ്പാൽ-ബിന സെക്ഷൻ എന്നീ പദ്ധതികൾക്കാണ് കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകിയിരിക്കുന്നത്.
Discussion about this post