ന്യൂഡൽഹി : റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുടിന്റെ 73-ാം ജന്മദിനത്തിൽ ആശംസകൾ അറിയിക്കുന്നതിനായിരുന്നു സംഭാഷണം. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ച് ഇരു നേതാക്കന്മാരും ചർച്ച നടത്തി.
പുടിന് എല്ലാ ആരോഗ്യവും ആശംസിക്കുന്നതായി മോദി അറിയിച്ചു. ഉഭയകക്ഷി അജണ്ടയിലെ പുരോഗതി ഇരു നേതാക്കളും അവലോകനം ചെയ്തു. ഇന്ത്യയും റഷ്യയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാനുള്ള പ്രതിബദ്ധതയും ഇരു നേതാക്കളും ആവർത്തിച്ചു. 23-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിക്കായി പ്രസിഡന്റ് പുടിനെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നതിനായി താൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.
ഡിസംബർ 5 ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഇന്ത്യ സന്ദർശിക്കുമെന്നാണ്
പ്രതീക്ഷിക്കുന്നത്. ന്യൂഡൽഹിയിൽ നടക്കുന്ന ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ അദ്ദേഹം പങ്കെടുക്കും. നവംബറിൽ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് ഇന്ത്യ സന്ദർശനത്തിനായി എത്തുന്നുണ്ട്.
Discussion about this post