കീവ് : റഷ്യൻ കൂലിപ്പടയാളിയായി പോരാടിയിരുന്ന ഇന്ത്യൻ പൗരനെ പിടികൂടിയതായി യുക്രെയ്‌ൻ. മജോതി സാഹിൽ മുഹമ്മദ് ഹുസൈൻ എന്ന ഇയാൾ ഇന്ത്യക്കാരൻ ആണെന്ന് യുക്രെയ്‌ൻ വ്യക്തമാക്കുന്നു. മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യത്തിന് റഷ്യയിൽ വെച്ച് അറസ്റ്റിലായ കുറ്റവാളിയാണ് ഇയാൾ എന്നാണ് യുക്രെയ്‌ൻ അറിയിക്കുന്നത്.
ഇന്ത്യൻ പൗരനെ യുക്രെയ്‌ൻ പിടികൂടിയതായുള്ള വിവരം ഇന്ത്യൻ അധികൃതർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. യുക്രെയ്‌ൻ പുറത്തുവിട്ട ഒരു വീഡിയോയിൽ സാഹിൽ മുഹമ്മദ് ഹുസൈൻ സംസാരിക്കുന്നത് പ്രകാരം മയക്കുമരുന്ന് കേസുമായി അറസ്റ്റിലായി ജയിലില്‍ കഴിഞ്ഞ സമയത്ത്, കൂടുതല്‍ ശിക്ഷ ഒഴിവാക്കുന്നതിനായി റഷ്യന്‍ സൈന്യവുമായി ഒരു കരാറില്‍ ഒപ്പുവെക്കാന്‍ ഒരു അവസരം ലഭിച്ചപ്പോൾ അത് സ്വീകരിച്ചു എന്നാണ് പറയുന്നത്.
റഷ്യയിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റങ്ങൾക്ക് ഏഴ് വർഷം തടവിന് ശിക്ഷിക്കപ്പെട്ട വ്യക്തിയാണ് സാഹിൽ മുഹമ്മദ് ഹുസൈൻ എന്നാണ് യുക്രെയ്‌ൻ വ്യക്തമാക്കുന്നത്. ഗുജറാത്തിലെ മോർബിയിൽ ആണ് ഇയാളുടെ കുടുംബം താമസിക്കുന്നത്. റഷ്യയിലെ ഒരു സർവകലാശാലയിൽ പഠനത്തിന് വേണ്ടിയാണ് ഇയാൾ പോയിരുന്നത്. സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്നതിന് പകരമായി റഷ്യ 1200 മുതൽ 18000 യുഎസ് ഡോളർ വരെ ശമ്പളം വാഗ്ദാനം ചെയ്തിരുന്നു എന്നാണ് യുക്രെയ്‌ൻ പുറത്തുവിട്ടിരിക്കുന്ന വീഡിയോയിൽ സാഹിൽ മുഹമ്മദ് ഹുസൈൻ പറയുന്നത്.
Discussion about this post