കൊൽക്കത്ത : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ രൂക്ഷ വിമർശനവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അമിത് ഷാ ഒരു ‘ആക്ടിംഗ് പ്രധാനമന്ത്രി’യെപ്പോലെയാണ് പെരുമാറുന്നതെന്ന് മമത കുറ്റപ്പെടുത്തി. അയാളെ വിശ്വസിക്കരുതെന്നും മോദി സൂക്ഷിക്കണം എന്നും മമത ബാനർജി പ്രധാനമന്ത്രി മോദിക്ക് മുന്നറിയിപ്പ് നൽകി.
പതിനെട്ടാം നൂറ്റാണ്ടിലെ പ്ലാസി യുദ്ധത്തിൽ നവാബ് സിറാജ് ഉദ്-ദൗളയെ ഒറ്റിക്കൊടുത്ത സൈനിക ജനറൽ മിർ സഫറിനെ പോലെയാണ് അമിത് ഷാ എന്ന് മമത കുറ്റപ്പെടുത്തി. അമിത് ഷാ ഒരു ദിവസം പ്രധാനമന്ത്രി മോദിയുടെ മിർ സഫറായി മാറിയേക്കാം. വോട്ടർ പട്ടികയുടെ പ്രത്യേക തീവ്രമായ പരിഷ്കരണത്തിന്റെ (എസ്‌ഐആർ) പേരിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ചെയ്യുന്നതെല്ലാം അമിത് ഷായുടെ നിർദ്ദേശപ്രകാരമാണ് എന്നും മമത ബാനർജി അഭിപ്രായപ്പെട്ടു.
വെള്ളപ്പൊക്കം നാശം വിതച്ച വടക്കൻ ബംഗാളിൽ നിന്ന് മടങ്ങിയെത്തിയ ശേഷം കൊൽക്കത്ത വിമാനത്താവളത്തിന് പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് മമത ബാനർജി ഇക്കാര്യങ്ങൾ സൂചിപ്പിച്ചത്. “ത്രിപുരയിൽ എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങൾക്ക് കാണാൻ കഴിയും. നമ്മുടെ മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ എന്നിവരടങ്ങുന്ന അഞ്ചംഗ സംഘത്തെ അവിടേക്ക് അയച്ചു. പക്ഷേ അവരെ വിമാനത്താവളത്തിൽ തടഞ്ഞു. അവരുടെ ടാക്സികൾക്ക് പോലും വരാൻ അനുവാദമില്ല. അവർക്ക് പ്രവേശനം നിഷേധിച്ചു. അവരുടെ നേതാവ് ഒരു യോഗം ചേർന്ന് ബംഗാളിലെ വോട്ടർ പട്ടികയിൽ നിന്ന് ലക്ഷക്കണക്കിന് പേരുകൾ ഇല്ലാതാക്കുമെന്ന് പറയാൻ ഇവിടെയെത്തി. പ്രകൃതിദുരന്തങ്ങൾ, കനത്ത മഴ, ഉത്സവങ്ങൾ തുടങ്ങിയവയാൽ നമ്മൾ ഇപ്പോൾ വലയുകയാണ്. രണ്ടാഴ്ചയ്ക്കുള്ളിൽ എസ്‌ഐആർ പൂർത്തിയാക്കാൻ കഴിയുമോ, നിലവിലെ സാഹചര്യത്തിൽ ആ കാലയളവിൽ പുതിയ പേരുകൾ അപ്‌ലോഡ് ചെയ്യാൻ കഴിയുമോ?” എന്നും മമത ബാനർജി ചോദ്യമുന്നയിച്ചു.
Discussion about this post