ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കത്തയച്ച് യുഎസ് നിയമനിർമ്മാതാക്കൾ. 21 പേരാണ് ഇന്ത്യയുമായി വഷളായിക്കൊണ്ടിരിക്കുന്ന ബന്ധം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കത്തയച്ചിരിക്കുന്നത്.
ഒക്ടോബർ 8 ന് എഴുതിയ കത്തിൽ, ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ തീരുവ 50 ശതമാനം വരെ ഉയർത്തിയ സമീപകാല താരിഫ് വർദ്ധനവ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രവുമായുള്ള ബന്ധത്തെ വഷളാക്കി, ഇത് ഇരു രാജ്യങ്ങൾക്കും പ്രതികൂലമായ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചു. ‘ഈ നിർണായക പങ്കാളിത്തം പുനഃസ്ഥാപിക്കാനും നന്നാക്കാനും’ നടപടിയെടുക്കണമെന്നാണ് ആവശ്യപ്പെടുന്നത്.
‘ശിക്ഷാ നടപടികൾ’ ഇന്ത്യൻ നിർമ്മാതാക്കളെയും അമേരിക്കൻ ഉപഭോക്താക്കളെയും ഒരുപോലെ വേദനിപ്പിക്കുന്നുവെന്നും, അമേരിക്കൻ കമ്പനികൾ ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കാൻ ആശ്രയിക്കുന്ന വിതരണ ശൃംഖലകളെ തകർക്കുന്നുവെന്നും കത്തിൽ ചൂണ്ടിക്കാണിക്കുന്നു.
താരിഫുകളുടെ തുടർച്ചയായ വർദ്ധനവ് ‘ഈ ബന്ധങ്ങളെ അപകടത്തിലാക്കുമെന്നും’, അമേരിക്കൻ കുടുംബങ്ങളുടെ ചെലവ് വർദ്ധിപ്പിക്കുമെന്നും, ആഗോളതലത്തിൽ മത്സരിക്കാനുള്ള യുഎസ് കമ്പനികളുടെ കഴിവിനെ ദുർബലപ്പെടുത്തുമെന്നും അവർ മുന്നറിയിപ്പ് നൽകി.
ഭരണകൂടത്തിന്റെ നടപടികൾ ഇന്ത്യയെ ചൈനയുമായും റഷ്യയുമായും കൂടുതൽ അടുപ്പിക്കുമെന്ന് കത്തിൽ മുന്നറിയിപ്പ് നൽകി . ‘ക്വാഡിലെ പങ്കാളിത്തത്തിലൂടെ ഇന്തോ-പസഫിക്കിൽ സ്ഥിരത കൈവരിക്കുന്ന ശക്തി എന്ന നിലയിൽ ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന പ്രാധാന്യം കണക്കിലെടുക്കുമ്പോൾ ഈ വികസനം പ്രത്യേകിച്ചും ആശങ്കാജനകമാണ്,’ ചൈനയുടെ ഉറച്ച നിലപാടിനെ ചെറുക്കുന്നതിൽ ഇന്ത്യ ഒരു ‘അനിവാര്യ പങ്കാളി’യായി മാറിയെന്ന് നിയമനിർമ്മാതാക്കൾ കൂട്ടിച്ചേർത്തു.
Discussion about this post