മൊബൈൽ ഡാറ്റയ്ക്ക് ഇപ്പോൾ ഒരു കപ്പ് ചായയേക്കാൾ വില കുറവാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡാറ്റാ ഉപഭോഗത്തിന്റെ കാര്യത്തിൽ ഇന്ത്യ മുൻനിര രാജ്യങ്ങളിൽ ഒന്നാണ്. ഇന്ത്യയുടെ ഉപഭോക്തൃ ഡാറ്റാ ചെലവ് ഇപ്പോൾ ഒരു കപ്പ് ചായയുടെ വിലയേക്കാൾ കുറവാണ് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഡൽഹിയിൽ ബുധനാഴ്ച നടന്ന ടെക്‌നോളജി ആൻറ് ഫോറം ഇന്ത്യ മൊബൈൽ കോൺഗ്രസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചായ വിൽപ്പനക്കാരനിൽ നിന്ന് പ്രധാനമന്ത്രി പദവിയിലെത്തിയ തനിക്ക് എന്ത് സംസാരിക്കുമ്പോഴും ചായയെക്കുറിച്ച് പരാമർശിക്കുന്നത് ശീലമാണെന്നും മോദി തമാശരൂപേണ പറഞ്ഞു.
തുടക്കത്തിൽ ഞാൻ ഇന്ത്യയെക്കുറിച്ച് സംസാരിക്കുമ്പോൾ എല്ലാവരും തന്നെ പരിഹസിക്കുകയായിരുന്നു. ഇന്ത്യ പോലൊരു രാജ്യത്ത് എങ്ങനെ വിപുലമായ സാങ്കേതിക വിദ്യ രൂപപ്പെടുമെന്നാണ് അവർ ചോദിച്ചത്. കാരണം അവരുടെ ഭരണം ഇന്ത്യപോലൊരു രാജ്യത്ത് പുതിയ ടെക്‌നോളജികൾ വളരെ വൈകിയാണ് കൊണ്ടുവന്നത്. ഇന്ത്യയിൽ നിക്ഷേപം നടത്താനും നവീകരിക്കാനുമുള്ള മികച്ച സമയമാണിതെന്ന് മോദി കൂട്ടിച്ചേർത്തു.
മൊബൈൽ നിർമ്മാണത്തിൽ ചിപ്സെറ്റുകൾ, ബാറ്ററികൾ, ഡിസ്പ്ലേകൾ, സെൻസറുകൾ തുടങ്ങിയ ഘടകങ്ങൾ രാജ്യത്തിനുള്ളിൽ കൂടുതലായി ഉൽപ്പാദിപ്പിക്കണമെന്ന് മോദി പറഞ്ഞു. ലോകം മുമ്പത്തേക്കാളും കൂടുതൽ ഡാറ്റ ഉൽപ്പാദിപ്പിക്കുകയാണെന്നും ഇത് സ്റ്റോറേജ്, സുരക്ഷ, സോവെറിനിറ്റി തുടങ്ങിയ പ്രശ്നങ്ങളെ നിർണായക പ്രാധാന്യമുള്ളതാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡാറ്റാ സെന്ററുകളിലും ക്ലൗഡ് ഇൻഫ്രാസ്ട്രക്ചറിലും പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിലൂടെ, ഇന്ത്യയ്ക്ക് ഒരു ആഗോള ഡാറ്റാ ഹബ്ബായി ഉയർന്നുവരാനുള്ള കഴിവുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
Discussion about this post