പാകിസ്താനിൽ സ്വകാര്യ നിമിഷങ്ങളും സംഭാഷണങ്ങളും വരെ ചോർത്തപ്പെടുന്നുണ്ടെന്ന് വിവരം. രാജ്യത്തെ ഭൂരിപക്ഷംപേരും ഇത്തരം നിരീക്ഷണത്തിനുകീഴെയാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.ചൈന ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങൾ വികസിപ്പിച്ചെടുത്ത നിരീക്ഷണ സംവിധാനങ്ങളാണ് പാകിസ്താൻ ഉപയോഗിക്കുന്നത്. ഇതിൽ കൂടുതലും ചൈനീസ് നിർമ്മിത ഡിജിറ്റൽ ഉപകരണങ്ങളാണ്.
ചൈന, യൂറോപ്പ്, യുഎസ് എന്നിവിടങ്ങളിൽ നിന്നുള്ള സാങ്കേതികവിദ്യ ഉപയോഗിക്കുന്നതും എതിർപ്പുകളെ അടിച്ചമർത്താനും മാധ്യമപ്രവർത്തകരെയും ആക്ടിവിസ്റ്റുകളെയും നിശബ്ദരാക്കാനും ഉപയോഗിക്കുന്നതായി ആരോപിക്കപ്പെടുന്നതുമായ ഈ സംവിധാനങ്ങളെക്കുറിച്ച് ആംനസ്റ്റി ഇന്റർനാഷണലിന്റെ റിപ്പോർട്ട് വിശദമായി പ്രതിപാദിക്കുന്നു
പ്രശ്‌നക്കാരെന്ന് സംശയിക്കുന്നവരെ രണ്ടുതലങ്ങളിലുള്ള നിരീക്ഷണത്തിനാണ് വിധേയരാക്കുന്നത്. ഇന്റർനെറ്റ് ലഭ്യത തടയാൻ കഴിയുന്ന ഒരു ഫയർവാളായി പ്രവർത്തിക്കുന്ന വെബ് മോണിറ്ററിംഗ് സിസ്റ്റമാണ് ഒന്നാമത്തേത്. വിപിഎന്നുകൾ, ചില വെബ്‌സൈറ്റുകൾ, ഫോൺവിളികൾ,ടെക്സ്റ്റ് മെസേജുകൾ, സോഷ്യൽ മീഡിയകൾ, ജിയോ ലൊക്കേഷൻ ഡാറ്റകൾ എന്നിവ ചോർത്താൻ ഉപയോഗിക്കുന്ന ലോഫുൾ ഇന്റർസെപ്റ്റ് മനേജ്മെന്റ് സിസ്റ്റം ആണ് രണ്ടാമത്തേത്. ഒരാളുടെ സ്വകാര്യതയിലേക്ക് ഏറ്റവുംകൂടുതൽ കടന്നുകയറുന്നത് ഈ നിരീക്ഷണ സംവിധാനമുപയോഗിച്ചാണ്.
ആംനസ്റ്റി ഇന്റർനാഷണലിന്റെ 2025 സെപ്റ്റംബറിലെ റിപ്പോർട്ട് അനുസരിച്ച് , ഈ സാങ്കേതികവിദ്യകൾ പൗരന്മാരെ നിയമവിരുദ്ധമായി നിരീക്ഷിക്കാനും, വിയോജിപ്പുകൾ നിശബ്ദമാക്കാനും, അഭിപ്രായ സ്വാതന്ത്ര്യത്തെ ദുർബലപ്പെടുത്താനും ഉപയോഗിച്ചിട്ടുണ്ട് . ഈ സംവിധാനങ്ങൾ ഗവൺമെന്റ് ഉപയോഗിക്കുന്നതിനെ ചുറ്റിപ്പറ്റിയുള്ള നിയമപരമായ മേൽനോട്ടത്തിന്റെയും സുതാര്യതയുടെയും അഭാവത്തെ റിപ്പോർട്ട് വിവരിക്കുന്നു.
Discussion about this post