പട്ന : ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വമ്പൻ വാഗ്ദാനങ്ങൾ പ്രഖ്യാപിച്ച് ആർജെഡി നേതാവ് തേജസ്വി യാദവ്. ബീഹാറിലെ ഓരോ കുടുംബത്തിലും ഒരു സർക്കാർ ജോലി വീതം നൽകുമെന്നാണ് തേജസ്വി നൽകുന്ന പ്രധാന വാഗ്ദാനം. ആർജെഡി നയിക്കുന്ന പ്രതിപക്ഷ ബ്ലോക്ക് ബിഹാറിൽ അധികാരത്തിൽ വന്നാൽ 20 ദിവസത്തിനുള്ളിൽ ഇതിനായി നിയമം കൊണ്ടുവരുമെന്നും തേജസ്വി യാദവ് വാഗ്ദാനം ചെയ്തു.
“20 വർഷം കൊണ്ട് യുവാക്കൾക്ക് തൊഴിൽ നൽകാൻ എൻഡിഎയ്ക്ക് കഴിഞ്ഞില്ല. അധികാരത്തിൽ വന്ന് 20 ദിവസത്തിനുള്ളിൽ ഞങ്ങൾ ഒരു നിയമം കൊണ്ടുവരും, 20 മാസത്തിനുള്ളിൽ അത് നടപ്പാക്കുമെന്ന് ഉറപ്പാക്കും” എന്നുമാണ് തേജസ്വി യാദവ് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വ്യക്തമാക്കിയത്.
2020 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും താൻ യുവാക്കൾക്ക് ജോലി വാഗ്ദാനം ചെയ്തിരുന്നതായി തേജസ്വി യാദവ് സൂചിപ്പിച്ചു. എന്നാൽ അഞ്ചുവർഷക്കാലത്തെ മുഴുവൻ കാലാവധിയും പൂർത്തിയാക്കാൻ തനിക്ക് കഴിയാതിരുന്നത് കൊണ്ടാണ് അത് നടപ്പിലാക്കാൻ കഴിയാഞ്ഞത് എന്നും അദ്ദേഹം അറിയിച്ചു. ബീഹാറിന് 75 വയസ്സുള്ള ഒരു മുഖ്യമന്ത്രിയെയല്ല, ജനങ്ങൾക്ക് തൊഴിൽ നൽകുന്ന ഒരു മുഖ്യമന്ത്രിയെ ആണ് ആവശ്യമെന്നും തേജസ്വി യാദവ് അഭിപ്രായപ്പെട്ടു.
Discussion about this post