റോം : ഇസ്ലാമിക വിഘടനവാദത്തെ ചെറുക്കുന്നതിനുള്ള നടപടികളുമായി ഇറ്റലി. എല്ലാ പൊതുസ്ഥലങ്ങളിലും ബുർഖയും നിഖാബും ധരിക്കുന്നത് നിരോധിക്കാൻ ഒരുങ്ങുകയാണെന്ന് ഇറ്റലിയിലെ ഭരണകക്ഷിയായ ബ്രദേഴ്‌സ് ഓഫ് ഇറ്റലി പാർട്ടി പ്രഖ്യാപിച്ചു. ഭരണഘടനയെയും ഇറ്റാലിയൻ ഭരണകൂടത്തിന്റെ തത്വങ്ങളെയും പൂർണ്ണമായി മാനിച്ചുകൊണ്ടുള്ള മതസ്വാതന്ത്ര്യം മാത്രമേ അനുവദിക്കാൻ കഴിയുള്ളൂ എന്നാണ് ഇറ്റലിയിലെ ഭരണകൂടം വ്യക്തമാക്കുന്നത്.
ഒരു സ്ത്രീയുടെ കണ്ണുകൾ ഉൾപ്പെടെ ശരീരം മുഴുവൻ മറയ്ക്കുന്ന ഒരു വസ്ത്രമായ ബുർഖയും കണ്ണുകൾക്ക് ചുറ്റുമുള്ള ഭാഗം വ്യക്തമായി കാണാവുന്ന ഒരു മുഖംമൂടിയായ നിഖാബും പൊതുസ്ഥലങ്ങളിൽ നിരോധിക്കാനുള്ള നിയമം പാർലമെന്റിൽ ഉടൻ തന്നെ അവതരിപ്പിക്കുമെന്ന് പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ പാർട്ടി വ്യക്തമാക്കി. രാജ്യവ്യാപകമായി എല്ലാ പൊതു സ്ഥലങ്ങളിലും, സ്കൂളുകളിലും, സർവകലാശാലകളിലും, കടകളിലും, ഓഫീസുകളിലും ഇത്തരം മുഖം മറയ്ക്കുന്ന വസ്ത്രങ്ങൾ നിരോധിക്കും എന്ന് ഭരണകക്ഷിയുടെ പാർലമെന്റ് അംഗവും നിയമനിർമാണത്തിൽ പങ്കെടുത്ത വ്യക്തിയുമായ ആൻഡ്രിയ ഡെൽമാസ്ട്രോ ഒരു പൊതു പ്രസ്താവനയിൽ അറിയിച്ചു.
നിർദ്ദിഷ്ട നിയമനിർമ്മാണം പ്രകാരം, നിയമലംഘകർക്ക് 300 മുതൽ 3,000 യൂറോ വരെ പിഴ ചുമത്തും. 2011-ൽ പൊതുസ്ഥലത്ത് ബുർഖ ധരിക്കുന്നതിന് പൂർണ്ണ നിരോധനം ഏർപ്പെടുത്തിയ ആദ്യത്തെ യൂറോപ്യൻ രാജ്യമായി ഫ്രാൻസ് മാറിയിരുന്നു. ഇതേ മാതൃകയാണ് ഇപ്പോൾ ഇറ്റലിയും സ്വീകരിക്കുന്നത്.
Discussion about this post