ന്യൂഡൽഹി : ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര പുനഃസ്ഥാപനത്തിനു ശേഷം ആദ്യമായി ഒരു കനേഡിയൻ മന്ത്രി ഇന്ന് ഇന്ത്യ സന്ദർശിക്കുകയാണ്. കനേഡിയൻ വിദേശകാര്യ മന്ത്രി അനിത ആനന്ദ് ആണ് ഇന്ത്യ സന്ദർശനത്തിനായി എത്തിയിട്ടുള്ളത്. മുമ്പ് കാനഡയുടെ പ്രതിരോധ മന്ത്രിയായും ശാസ്ത്ര മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുള്ള വ്യക്തിയാണ് ഇന്ത്യൻ വംശജ കൂടിയായ അനിത ആനന്ദ്.
സന്ദർശന വേളയിൽ, ഉഭയകക്ഷി വ്യാപാരം, ഊർജ്ജം, സുരക്ഷ എന്നീ മേഖലകളിലെ തന്ത്രപരമായ സഹകരണത്തിന്റെ ചട്ടക്കൂട് രൂപപ്പെടുത്തുന്നതിനായുള്ള വിവിധ ചർച്ചകളിൽ പങ്കെടുക്കുമെന്ന് കനേഡിയൻ വിദേശകാര്യ മന്ത്രി അറിയിച്ചു. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ, വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ എന്നിവരുമായി അനിത ആനന്ദ് കൂടിക്കാഴ്ച നടത്തും.
ഇന്ത്യാ സന്ദർശനത്തിൽ വിവിധ മേഖലകളിലെ ഉഭയകക്ഷി ബന്ധം പ്രോത്സാഹിപ്പിക്കുന്നതിനായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് കാനഡ വ്യക്തമാക്കി. അനിത ആനന്ദ് മുംബൈ സന്ദർശിക്കുമെന്നും കാനഡയിലും ഇന്ത്യയിലും നിക്ഷേപം, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, സാമ്പത്തിക അവസരങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്ന കനേഡിയൻ, ഇന്ത്യൻ കമ്പനികളിലെ ഉദ്യോഗസ്ഥരെ കാണുമെന്നും കനേഡിയൻ വിദേശകാര്യമന്ത്രാലയം അറിയിച്ചു.
Discussion about this post