ടെൽ അവീവ് : ഇസ്രായേൽ-ഹമാസ് വെടിനിർത്തൽ കരാർ പ്രകാരം ഇന്ന് ഗാസയിൽ തടവിൽ കഴിയുന്ന എല്ലാ ബന്ദികളെയും മോചിപ്പിക്കും. 20 ബന്ദികളെയാണ് മോചിപ്പിക്കാനുള്ളത്. കൂടാതെ വെടിനിർത്തൽ കരാർ പ്രകാരം പലസ്തീൻ തടവുകാരെ മോചിപ്പിക്കുന്നതിനും ഗാസയിലേക്ക് മാനുഷിക സഹായം എത്തിക്കുന്നതിനും ഇന്ന് തുടക്കമാകും.
ഹമാസിന്റെ കൈകളിൽ നിന്നും മോചിതരായി തിരികെ ഇസ്രായേലിലേക്ക് എത്തുന്ന ബന്ദികളെ സ്വീകരിക്കുന്നതിനായി നിരവധി പേരാണ് അതിർത്തിയിൽ കാത്തുനിൽക്കുന്നത്. ബന്ദികളുടെ ബന്ധുക്കളും അതിർത്തിയിൽ എത്തിച്ചേർന്നിട്ടുണ്ട്.
ഏതാനും മണിക്കൂറുകൾക്കുള്ളിൽ, നാമെല്ലാവരും വീണ്ടും ഒന്നിക്കുമെന്ന് ഇസ്രായേൽ സൈനിക മേധാവി ലെഫ്റ്റനന്റ് ജനറൽ ഇയാൽ സമീർ പറഞ്ഞു.
ഹമാസ് മോചിപ്പിക്കുന്ന 20 ബന്ദികളെ റെഡ് ക്രോസിന് കൈമാറുന്നതായിരിക്കും. തുടർന്ന് റെഡ് ക്രോസ് ആയിരിക്കും ഇവരെ ഇസ്രായേൽ അതിർത്തിയിൽ എത്തിക്കുക. ആറ് മുതൽ എട്ട് വരെ വാഹനങ്ങളുടെ ഒരു സംഘത്തിൽ ബന്ദികളെ സുരക്ഷിതമായി ഇസ്രായേൽ അതിർത്തിയിലേക്ക് എത്തിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
മുൻ സന്ദർഭങ്ങളിലേതുപോലെ ഇത്തവണ ബന്ദികളുടെ കൈമാറ്റം ഒരു പൊതു വേദിയിൽ നടത്തില്ലെന്ന് ഇസ്രായേലി വക്താവ് ഷോഷ് ബെഡ്രോസിയൻ പറഞ്ഞു. ബന്ദികളെ മോചിപ്പിച്ചതിനുശേഷം, അവരെ നേരിട്ട് അവരുടെ കുടുംബങ്ങളുമായി ഒന്നിപ്പിക്കുകയോ, ആവശ്യമെങ്കിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയോ ചെയ്യുമെന്നാണ് ഇസ്രായേൽ അറിയിച്ചിട്ടുള്ളത്.
Discussion about this post