മകൻ വിവേക് കിരണിന് ഇഡി നോട്ടീസ് കിട്ടിയെന്ന വാർത്തകളിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മകന് ഇഡി നോട്ടീസ് ലഭിച്ചിട്ടില്ലെന്നും മാന്യമായി ജോലി ചെയ്ത് ജീവിക്കുന്നയാളാണ് വിവേകെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ക്ലിഫ് ഹൗസിൽ എത്ര മുറിയുണ്ടെന്നു പോലും എന്റെ മകന് അറിയില്ല. അതാണ് എന്റെ മകന്റെ പ്രത്യേകത. ദുഷ്പേര് എനിക്കുണ്ടാകുന്ന തരത്തിൽ എന്റെ മക്കൾ പ്രവർത്തിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
‘എന്റെ പൊതുജീവിതം കളങ്കരഹിതമായി മുന്നോട്ടുകൊണ്ടുപോകാനുള്ള ശ്രമത്തിൽ കുടുംബം ശക്തമായി ഒപ്പം നിന്നിട്ടുണ്ട്. എന്റെ മക്കൾ രണ്ടു പേരും അതേ നിലയാണ് സ്വീകരിച്ചിട്ടുള്ളത്. എന്റെ മകനെ എത്ര പേർ കണ്ടിട്ടുണ്ടെന്ന് എനിക്കറിയില്ല. അധികാരത്തിന്റെ ഇടനാഴികളിൽ എത്രയെത്ര മുഖ്യമന്ത്രിമാരുടെ മക്കളെ നിങ്ങൾ കണ്ടിട്ടുണ്ട്. ക്ലിഫ് ഹൗസിൽ എത്ര മുറിയുണ്ടെന്നു പോലും എന്റെ മകന് അറിയില്ല. അതാണ് എന്റെ മകന്റെ പ്രത്യേകത. ദുഷ്പേര് എനിക്കുണ്ടാകുന്ന തരത്തിൽ എന്റെ മക്കൾ പ്രവർത്തിച്ചിട്ടില്ല. മകൾക്കു നേരെ പലതും ഉയർത്തിക്കൊണ്ടു വരാൻ ശ്രമിച്ചപ്പോൾ ഞാൻ അതിനെ ചിരിച്ചുകൊണ്ടു നേരിട്ടില്ലേ? അത് ഏശുന്നില്ലെന്ന് അറിഞ്ഞപ്പോൾ മര്യാദയ്ക്ക് ജോലി ചെയ്യുന്ന ഒരാളെ, പിണറായി വിജയന് ഇങ്ങനെ ഒരു മകനുണ്ടെന്നു ചിത്രീകരിച്ച് വിവാദത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കുകയാണ്. അത് എന്നെ ബാധിക്കില്ല. ആ ചെറുപ്പക്കാരൻ മര്യാദയ്ക്കുള്ള ജോലിയിലാണ് പ്രവർത്തിക്കുന്നത്. ജോലിയും വീടും മാത്രമാണ് അയാളുടെ ജീവിതം. മക്കൾ ദുഷ്പേരുണ്ടാക്കുന്ന അനുഭവം പലർക്കുമുണ്ട്. എന്നാൽ എനിക്ക് അങ്ങനെ ഉണ്ടായിട്ടില്ല. എനിക്കതിൽ അഭിമാനമുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ.
എന്റെ രാഷ്ട്രീയ പ്രവർത്തനം സുതാര്യവും കളങ്കരഹിതവുമാണ്. കളങ്കിതനാക്കാൻ ശ്രമിക്കുമ്പോൾ ശാന്തമായി പ്രതികരിക്കുന്നത് അതുകൊണ്ടാണ്. 10 വർഷമായി ഞാൻ മുഖ്യമന്ത്രിയാണ്. അഭിമാനിക്കാൻ വകനൽകുന്ന ഒട്ടേറെ കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞുവെന്നു ബോധ്യമുണ്ട്. പലയിടത്തും പദ്ധതികൾക്കു കരാർ ലഭിക്കാൻ കമ്മിഷൻ നൽകണം. എന്നാൽ ഇവിടെ അങ്ങനെ ഇല്ല എന്നതിൽ അഭിമാനമുണ്ട്. ഉന്നതതലത്തിലുള്ള അഴിമതി ഇവിടെ ഇല്ലാതാക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
Discussion about this post