ഒട്ടാവ : ഇന്ത്യൻ കൊമേഡിയൻ കപിൽ ശർമ്മയുടെ കാനഡയിലെ റസ്റ്റോറന്റിൽ വീണ്ടും വെടിവയ്പ്പ്. നാല് മാസത്തിനിടെ ഇത് മൂന്നാം തവണയാണ് കപിൽ ശർമ്മയുടെ റസ്റ്റോറന്റായ കാപ്‌സ് കഫേയിൽ വെടിവെപ്പ് ഉണ്ടാകുന്നത്. ആക്രമണം നടന്ന് ഏതാനും മണിക്കൂറുകൾക്കു ശേഷം ലോറൻസ് ബിഷ്‌ണോയി സംഘം വെടിവെപ്പിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്തെത്തി.
ലോറൻസ് ബിഷ്‌ണോയി സംഘത്തിലെ ഗുണ്ടാസംഘങ്ങളായ ഗോൾഡി ധില്ലൺ, കുൽവീർ സിദ്ധു എന്നിവരാണ് കാപ്‌സ് കഫേയിൽ വെടിവെപ്പ് നടത്തിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുന്നത്. കാനഡയിലെ മറ്റൊരു റസ്റ്റോറന്റിലും ഇതേ സംഘത്തിന്റെ നേതൃത്വത്തിൽ വെടിവെപ്പ് നടന്നിരുന്നു. ഈ ബിസിനസുകാരെ ചില മര്യാദകൾ പഠിപ്പിക്കേണ്ടതുണ്ട് എന്ന പരാമർശത്തോടെയായിരുന്നു ലോറൻസ് ബിഷ്‌ണോയി സംഘം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്.
കനേഡിയൻ സർക്കാർ ബിഷ്‌ണോയി സംഘത്തെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചതുമുതൽ കാനഡയിലെ വിവിധ സ്ഥലങ്ങളിൽ ഈ സംഘം വെടിവെപ്പുകൾ നടത്തുന്നുണ്ട്. കാനഡയിലെ സറേയിലുള്ള കപിൽ ശർമ്മയുടെ റസ്റ്റോറന്റും ബ്രാംപ്ടൺ പ്രദേശത്തുള്ള മറ്റൊരു റസ്റ്റോറന്റും ആണ് ഏറ്റവും ഒടുവിലായി ആക്രമിക്കപ്പെട്ടിരിക്കുന്നത്. നാലുമാസം മുൻപ് മാത്രമായിരുന്നു കപിൽ ശർമ കാനഡയിൽ റസ്റ്റോറന്റ് ആരംഭിച്ചിരുന്നത്. ഉദ്ഘാടനത്തിന് തൊട്ടടുത്ത ആഴ്ചയിൽ തന്നെ റസ്റ്റോറന്റിൽ ആദ്യ വെടിവെപ്പ് നടന്നു. നടൻ സൽമാൻ ഖാനുമായുള്ള സൗഹൃദ ബന്ധമാണ് കപിൽ ശർമ്മയ്ക്കെതിരെ തുടർച്ചയായി ലോറൻസ് ബിഷ്‌ണോയി സംഘം ആക്രമണം നടത്തുന്നതിനുള്ള കാരണം.
Discussion about this post