ശ്രീനഗർ : അഫ്ഗാനിസ്ഥാനിലും ജമ്മുകശ്മീരിലും ഉൾപ്പെടെ വിവിധ മേഖലകളിൽ ഭൂചലനം. അഫ്ഗാനിസ്ഥാനിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. ഇതുവരെ നാശനഷ്ടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്ത്യൻ, യുറേഷ്യൻ ടെക്റ്റോണിക് പ്ലേറ്റുകളിൽ കൂട്ടിയിടി ഉണ്ടായതിനെ തുടർന്നാണ് വിവിധ മേഖലകളിൽ ഭൂചലനം അനുഭവപ്പെട്ടതെന്ന് സെന്റർ ഫോർ സീസ്മോളജി റിപ്പോർട്ട് സൂചിപ്പിക്കുന്നത് .
വെള്ളിയാഴ്ച വൈകുന്നേരം 5:45 ഓടെ അഫ്ഗാനിസ്ഥാൻ-താജിക്കിസ്ഥാൻ അതിർത്തിക്ക് സമീപം 10 കിലോമീറ്റർ താഴ്ചയിലായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. കഴിഞ്ഞ സെപ്റ്റംബർ ആദ്യവും അഫ്ഗാനിസ്ഥാനിൽ അതിശക്തമായ ഭൂചലനം ഉണ്ടായിരുന്നു. ലോകത്തിലെ ഏറ്റവും സജീവമായ ഭൂകമ്പ മേഖലകളിൽ ഒന്നായ ഇന്ത്യൻ, യുറേഷ്യൻ ടെക്റ്റോണിക് പ്ലേറ്റുകൾ കൂട്ടിയിടിക്കുന്ന സ്ഥലത്താണ് അഫ്ഗാനിസ്ഥാൻ സ്ഥിതി ചെയ്യുന്നത് എന്നുള്ളതിനാലാണ് ഇവിടെ അടിക്കടി ഭൂകമ്പങ്ങൾ ഉണ്ടാകുന്നത്.
ജമ്മു കശ്മീരിലെ പല ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. അഫ്ഗാനിസ്ഥാനിൽ ഉണ്ടായ ഭൂകമ്പത്തിന്റെ പ്രകമ്പനമാണ് ജമ്മുകശ്മീരിലും ഉണ്ടായത്. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം 36.62°N അക്ഷാംശത്തിലും 72.72°E രേഖാംശത്തിലുമാണ്. ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
Discussion about this post