ലഖ്‌നൗ : ഒരു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന കുറ്റവാളി ഉത്തർപ്രദേശിൽ പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഉത്തർപ്രദേശിലെ ഷംലിയിൽ ആണ് ഏറ്റുമുട്ടൽ ഉണ്ടായത്. കാന്ധ്‌ലയിലെ മൊഹല്ല ഖേലിൽ താമസിക്കുന്ന നഫീസ് എന്ന സ്ഥിരം കുറ്റവാളിയാണ് കൊല്ലപ്പെട്ടത്. ഇയാൾക്കെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 34 കേസുകളാണ് ഉണ്ടായിരുന്നത്.
കൊലപാതകശ്രമം, കവർച്ച, ഗുണ്ടാസംഘങ്ങളിലെ പ്രവർത്തനങ്ങൾ, കള്ളനോട്ട് എന്നിവയുൾപ്പെടെ നിരവധി കേസുകൾ നഫീസിനെതിരെയുണ്ട്. കാന്ധ്‌ല പോലീസ് ഭാഭിസ ഔട്ട്‌പോസ്റ്റിൽ നടത്തുകയായിരുന്ന പതിവ് പരിശോധനയ്ക്കിടയിലാണ് പ്രതിയുമായി ഏറ്റുമുട്ടൽ ഉണ്ടായത്. ബൈക്കിൽ എത്തിയ രണ്ടംഗ സംഘം പോലീസിനെ കണ്ടപ്പോൾ വെടിവെച്ച ശേഷം രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.
തുടർന്ന് പോലീസ് വെടിവെപ്പിൽ പരിക്കേറ്റ നഫീസിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ഇയാളുടെ കൂട്ടാളി സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. പോലീസ് ഇയാൾക്കായി തിരച്ചിൽ തുടരുകയാണ്. കൊല്ലപ്പെട്ട പ്രതിയുടെ കയ്യിൽ നിന്നും ഒരു ബൈക്ക്, ഒരു പിസ്റ്റൾ, ഒരു റിവോൾവർ, വെടിയുണ്ടകൾ എന്നിവ പോലീസ് കണ്ടെടുത്തിട്ടുണ്ട്.
Discussion about this post