ഓസ്‌ട്രേലിയൻ ബൗളിംഗ് ഇതിഹാസം ഗ്ലെൻ മക്‌ഗ്രാത്ത് അടുത്തിടെ തന്റെ നോട്ടത്തിൽ ഉള്ള എക്കാലത്തെയും മികച്ച അഞ്ച് ഇന്ത്യൻ ഏകദിന ഫാസ്റ്റ് ബൗളർമാരെ തിരഞ്ഞെടുത്തു. മുൻ ഇടംകൈയ്യൻ പേസർ സഹീർ ഖാൻ പട്ടികയിൽ ഇല്ല എന്നുള്ളതാണ് ഏറ്റവും വലിയ കൗതുകം. ജവഗൽ ശ്രീനാഥിനെയും അജിത് അഗാർക്കറെയും യഥാക്രമം അഞ്ചാം സ്ഥാനത്തും നാലാമതും മക്‌ഗ്രാത്ത് റാങ്ക് ചെയ്തു. വിക്കറ്റുകളുടെ കാര്യത്തിൽ ശ്രീനാഥും (315 വിക്കറ്റുകൾ) അഗാർക്കറും (288 വിക്കറ്റുകൾ) വീഴ്ത്തി ഇന്ത്യയെ പല മത്സരങ്ങളിലും വിജയിപ്പിച്ചിട്ടുണ്ട് എന്നത് ശ്രദ്ധിക്കണം.
പട്ടികയിൽ മുഹമ്മദ് ഷമി (206 വിക്കറ്റുകൾ) മൂന്നാം സ്ഥാനത്തും മുൻ ക്യാപ്റ്റൻ കപിൽ ദേവ് (253 വിക്കറ്റുകൾ) രണ്ടാം സ്ഥാനത്തുമാണ്. മക്‌ഗ്രാത്തിന്റെ പട്ടികയിൽ ഒന്നാം സ്ഥാനം നേടിയത് സൂപ്പർ താരം ജസ്പ്രീത് ബുംറയാണ് (149 വിക്കറ്റുകൾ).
“ബുമ്ര അവിശ്വസനീയ രീതിയിൽ പ്രകടനം നടത്തുന്നു. ലോക ക്രിക്കറ്റിലെ മറ്റാരിൽ നിന്നും വളരെ വ്യത്യസ്തമായ ഒരു ആക്ഷൻ അദ്ദേഹത്തിന്റെതാണ്. ആക്ഷൻ, റൺ-അപ്പ് എല്ലാം വ്യത്യസ്തമാണ്. മറ്റേതൊരു ബോളർ ഉണ്ടാക്കുന്ന ഇമ്പാക്റ്റിനെക്കാൾ വലിയ സ്വാധീനം ബുംറ കളത്തിൽ ചെലുത്തുന്നു.”
“സ്റ്റാറ്റുകൾ ശരിക്കും ഞെട്ടിക്കുന്നതാണ്. ബുദ്ധിമുട്ടേറിയ ആക്ഷൻ ആയിട്ട് കൂടി അവനതിൽ വർക്ക് ചെയ്തു. ആ അദ്ധ്വാനമാണ് അയാളെ മുന്നോട്ട് നയിക്കുന്നത്. എന്റെ ലിസ്റ്റിൽ ഒന്നാമത് അവനാണ് ” മക്‌ഗ്രാത്ത് പറഞ്ഞു.
മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ജേസൺ ഗില്ലസ്പിയും ചർച്ചയുടെ ഭാഗമായിരുന്നു, അദ്ദേഹവും തന്റെ മികച്ച അഞ്ച് പേരുടെ പട്ടിക പങ്കിട്ടു. ഇതേ താരങ്ങളെ തന്നെയാണ് അദ്ദേഹവും തിരഞ്ഞെടുത്തത്. ആകെ വ്യത്യാസം ഷമി രണ്ടാം സ്ഥാനത്തും കപിൽ മൂന്നാം സ്ഥാനത്തും വന്നു എന്ന് മാത്രമാണ്.
Discussion about this post