ഇന്ത്യയുമായുള്ള അഫ്ഗാനിസ്ഥാന്റെ ബന്ധത്തെ കുറിച്ച് തുറന്നു പറഞ്ഞ് താലിബാൻ. ഇന്ത്യയുമായുള്ള അഫ്ഗാനിസ്ഥാന്റെ ബന്ധം സ്വാതന്ത്ര്യത്തിലും പരസ്പര ബഹുമാനത്തിലും അധിഷ്ഠിതമാണെന്നും പാകിസ്താനോ മറ്റേതെങ്കിലും രാജ്യമോ അതിനെ സ്വാധീനിക്കുന്നില്ലെന്നും താലിബാൻ സർക്കാരിന്റെ വക്താവ് സബീഹുള്ള മുജാഹിദ് വ്യക്തമാക്കി. അഫ്ഗാനിസ്ഥാനും പാകിസ്താനും തമ്മിൽ ബന്ധം വഷളായിരിക്കെയാണ് താലിബാന്റെ ഈ പ്രസ്താവന.
അഫ്ഗാനിസ്ഥാൻ ഒരു കക്ഷിയുടെയും കൈകളിലെ ഉപകരണമല്ലെന്നും ഇനി ഒരിക്കലും അങ്ങനെ ആയിരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുമായുള്ളതുൾപ്പെടെയുള്ള രാജ്യത്തിന്റെ നയതന്ത്ര ഇടപെടലുകൾ ദേശീയ താൽപ്പര്യങ്ങളും പ്രാദേശിക പ്രാദേശികേതര രാജ്യങ്ങളുമായി സന്തുലിതമായ ബന്ധം നിലനിർത്താനും ലക്ഷ്യമിട്ടുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ അഫ്ഗാനിസ്ഥാനുമായുള്ള സകലബന്ധവും അവസാനിച്ചെന്ന് പാകിസ്താൻ മുന്നറിയിപ്പ് നൽകിയിരുന്നു. ആക്രമണം ശക്തമാക്കിമെന്നും പണ്ടെത്തെപോലെ അഫ്ഗാനിസ്താനുമായി ബന്ധം നിലനിർത്താൻ പാകിസ്താന് കഴിയില്ലെന്നും പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് വ്യക്തമാക്കി. പ്രതിഷേധക്കുറിപ്പുകളോ സമാധാനത്തിനുള്ള അഭ്യർത്ഥനകളോ ഉണ്ടാവില്ലെന്നും പാകിസ്താനിലുള്ള എല്ലാ അഫ്ഗാനികളും സ്വദേശത്തേക്ക് മടങ്ങണമെന്നും പാക് പ്രതിരോധമന്ത്രി മുന്നറിയിപ്പ് നൽകി.
Discussion about this post