ന്യൂയോർക്ക് : കൊളംബിയക്കുള്ള എല്ലാ സഹായങ്ങളും നിർത്തിവച്ചതായി യുഎസ്. കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോയെ അധിക്ഷേപിക്കുകയും വിമർശിക്കുകയും ചെയ്തശേഷം യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ആണ് ഈ തീരുമാനം പ്രഖ്യാപിച്ചത്. കൊളംബിയൻ പ്രസിഡണ്ട് ഒരു ‘നിയമവിരുദ്ധ മയക്കുമരുന്ന് വ്യാപാരി’ ആണെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.
സ്വന്തം രാജ്യത്ത് മയക്കുമരുന്ന് ഉത്പാദനം തടയാൻ ഒന്നും ചെയ്യുന്നില്ലാത്ത, ജനപ്രീതിയില്ലാത്ത, ദുർബലനായ നേതാവാണ് പെട്രോ എന്ന് ട്രംപ് തന്റെ സമൂഹമാധ്യമ പോസ്റ്റിൽ വിശദീകരിച്ചു. പെട്രോ മയക്കുമരുന്ന് വ്യാപാരം നിർത്തിയില്ലെങ്കിൽ അമേരിക്ക തന്നെ അത് നിർത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. കുറച്ചു കാലമായി യുഎസും കൊളംബിയയും തമ്മിലുള്ള സംഘർഷം വർദ്ധിച്ചുവരുന്ന സമയത്താണ് ഈ പ്രസ്താവന എന്നുള്ളതും ശ്രദ്ധേയമാണ്.
ലോകത്തിലെ ഏറ്റവും വലിയ കൊക്കെയ്ൻ കയറ്റുമതി രാജ്യമാണ് കൊളംബിയ.
മയക്കുമരുന്നിനെതിരായ പോരാട്ടത്തിൽ കൊളംബിയ സഹകരിക്കുന്നില്ലെന്ന് കഴിഞ്ഞ മാസം യുഎസ് ആരോപിച്ചിരുന്നു. കഴിഞ്ഞദിവസം കരീബിയൻ കടലിൽ വെച്ച് യുഎസ് തകർത്ത മഴയ്ക്കുമരുന്ന് കടത്തുകയായിരുന്ന അന്തർവാഹിനി കൊളംബിയയിൽ നിന്നുമാണ് എത്തിയത് എന്നാണ് സൂചന. അന്തർവാഹിനിയിൽ നിന്നും ജീവനോടെ പിടികൂടിയ രണ്ടുപേരിൽ ഒരാൾ കൊളംബിയൻ സ്വദേശിയാണ്. ഈ സാഹചര്യത്തിൽ ട്രംപിന്റെ പുതിയ പ്രസ്താവനകൾ ഇരു രാജ്യങ്ങൾക്കുമിടയിൽ നിലവിലുള്ള സംഘർഷങ്ങൾ കൂടുതൽ വഷളാക്കിയേക്കാം എന്നാണ് കരുതപ്പെടുന്നത്.









Discussion about this post