റഷ്യയുമായി ഇന്ത്യ ഇനി എണ്ണ വ്യാപാരം നടത്തില്ലെന്ന് ആവർത്തിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റഷ്യൻ എണ്ണ വാങ്ങില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നോടു പറഞ്ഞതായി ട്രംപ് ആവർത്തിച്ചു. ഒരാഴ്ചയിൽ മൂന്നാം തവണയാണ് ട്രംപിൻറെ അവകാശവാദം.
എന്നാൽ റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി മോദി, യുഎസ് പ്രസിഡൻറ് ട്രംപുമായി ഫോണിൽ സംസാരിച്ചിട്ടില്ല എന്ന് വിദേശകാര്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.ട്രംപും മോദിയും തമ്മിൽ ഇക്കാര്യത്തിൽ നടന്ന സംഭാഷണത്തെക്കുറിച്ച് അറിയില്ലെന്ന ഇന്ത്യൻ സർക്കാരിന്റെ പ്രതികരണം ചൂണ്ടിക്കാണിച്ചപ്പോൾ ‘അവർ അങ്ങനെയാണ് പറയുന്നതെങ്കിൽ അവർ വൻതോതിലുള്ള തീരുവകൾ നൽകുന്നത് തുടരും. അങ്ങനെ ഒരു കാര്യം അവർ ആഗ്രഹിക്കില്ലല്ലോ. എന്നായിരുന്നു ട്രംപിന്റെ മറുപടി.
റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തിയില്ലെങ്കിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് വൻതോതിലുള്ള തീരുവ ഏർപ്പെടുത്തുന്നത് തുടരുമെന്നാണ് ട്രംപിൻറെ ഭീഷണി. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിലൂടെ ഇന്ത്യ യുക്രെയ്നെതിരായ യുദ്ധത്തെ സഹായിക്കുകയാണ് എന്നാണ് അമേരിക്കയുടെ ആരോപണം. ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ കയറ്റുമതിക്ക് അമേരിക്ക ഇതിനോടകം 50 ശതമാനം തീരുവ ചുമത്തിയിട്ടുണ്ട്.
ഇക്കഴിഞ്ഞ ബുധനാഴ്ച ഓവൽ ഓഫീസിൽവെച്ചാണ് റഷ്യയിൽനിന്ന് അസംസ്‌കൃത എണ്ണ വാങ്ങുന്നത് നിർത്തുമെന്ന് മോദി ഉറപ്പുനൽകിയതായി ട്രംപ് പറഞ്ഞത്. ഇതൊരു വലിയ ചുവടുവെയ്പ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയ്ക്ക് റഷ്യയിൽ നിന്നാണ് എണ്ണയുടെ ഏകദേശം മൂന്നിലൊന്ന് ലഭിക്കുന്നത്. യുക്രെയ്ൻ യുദ്ധത്തിന് റഷ്യയ്ക്ക് ധനസഹായം നൽകുന്ന തരത്തിലാണ് തന്റെ ഭരണകൂടം ഈ കച്ചവടത്തെ കാണുന്നതെന്നും ട്രംപ് പറഞ്ഞിരുന്നു.
Discussion about this post