രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ശബരിമല സന്ദർശനം നാളെ. ഇന്ന് വൈകീട്ട് തിരുവനന്തപുരത്തെത്തുന്ന രാഷ്ട്രപതി രാജ്ഭവനിലാണ് തങ്ങുന്നത്. നാളെ രാവിലെ 9.25 ന് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഹെലികോപ്റ്ററിൽ നിലയ്ക്കലേക്ക് പുറപ്പെടും. അവിടെനിന്ന് 11.00 ന് റോഡ് മാർഗം പമ്പയിലെത്തും. 11.50 ന് പമ്പയിൽ നിന്ന് ദേവസ്വം ബോർഡിന്റെ ‘ഗൂർഖ’ എമർജൻസി വാഹനത്തിൽ സന്നിധാനത്തെത്തും. 11.50 മുതൽ 12.20 വരെയാണ് ദർശനം. വൈകിട്ട് 4.20ന് ഹെലികോപ്റ്ററിൽ തിരുവനന്തപുരത്തേക്ക് മടങ്ങും.
രാഷ്ട്രപതി സന്നിധാനമെത്തുമ്പോൾ പതിനെട്ടാംപടിക്ക് മേലേയുള്ള മേലേതിരുമുറ്റത്ത് 10 പേരെമാത്രമേ അനുവദിക്കൂ. ഇതിൽ തന്ത്രി, മേൽശാന്തി, രണ്ട് പരികർമികൾ, ദേവസ്വം ബോർഡ് ഭാരവാഹികൾ, മൂന്ന് ജീവനക്കാർ എന്നിങ്ങനെയാണ് ഉണ്ടാവുക. 12.20 മുതൽ ഒരുമണിവരെയാണ് അയ്യപ്പനെ വണങ്ങാൻ രാഷ്ട്രപതി സന്നിധാനത്തുണ്ടാവുക.
1500 പോലീസുകാരെയാണ് സുരക്ഷാഡ്യൂട്ടിക്കായി വിന്യസിക്കുക. 50 വയസ്സുകഴിഞ്ഞ വനിതാ പോലീസുകാരെയും സന്നിധാനത്ത് നിയോഗിച്ചിട്ടുണ്ട്. നിലയ്ക്കൽമുതൽ സന്നിധാനംവരെയാണ് കനത്ത സുരക്ഷ. എന്നാൽ, ശബരിമല വനത്തിലേക്ക് പ്രവേശിക്കുന്ന എല്ലാ വഴികളിലും പോലീസിനെ നിയോഗിക്കുന്നുണ്ട്.
Discussion about this post