ന്യൂഡൽഹി : വിമാനങ്ങളിൽ പവർ ബാങ്കുകൾ ഉപയോഗിക്കുന്നത് നിരോധിക്കാനൊരുങ്ങി ഡിജിസിഎ. ഇൻഡിഗോ വിമാനത്തിൽ അടുത്തിടെയുണ്ടായ തീപിടുത്തത്തെത്തുടർന്നാണ് ഇന്ത്യൻ വിമാനങ്ങളിൽ പവർ ബാങ്കുകൾ കൊണ്ടുപോകുന്നതിനുള്ള കർശനമായ മാർഗ്ഗനിർദ്ദേശങ്ങൾ പരിഗണിക്കാൻ ഡിജിസിഎ ഒരുങ്ങുന്നത്. തീപിടുത്ത സാധ്യത കാരണം അന്താരാഷ്ട്ര വിമാനക്കമ്പനികൾ ലിഥിയം-അയൺ ബാറ്ററികളുടെ ഉപയോഗം, സംഭരണം, ചാർജ് ചെയ്യൽ എന്നിവയിൽ ഇതിനകം തന്നെ പരിധികൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ഞായറാഴ്ചയാണ് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്നതിനിടെ ഡൽഹി-ദിമാപൂർ ഇൻഡിഗോ വിമാനത്തിൽ ഒരു യാത്രക്കാരന്റെ പവർ ബാങ്കിന് തീപിടിച്ചത്. ക്യാബിൻ ക്രൂ ഉടൻ തന്നെ തീ അണച്ചതിനാൽ വലിയൊരു അപകടം ഒഴിവാക്കുകയായിരുന്നു. സുരക്ഷാ സവിശേഷതകളില്ലാത്ത വിലകുറഞ്ഞതോ ബ്രാൻഡ് ചെയ്യാത്തതോ ആയ പവർ ബാങ്കുകൾ അമിതമായി ചൂടാകുകയോ പൊട്ടിത്തെറിക്കുകയോ ചെയ്യാൻ സാധ്യതയുള്ളതാണ്. ലിഥിയം ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങളുടെ സുരക്ഷാ ആശങ്കകൾ ആഗോളതലത്തിൽ തന്നെ വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഡിജിസിഎയുടെ ഈ തീരുമാനം.
ഇക്കാര്യത്തിൽ, യാത്രക്കാരും വിമാനക്കമ്പനികളും വിമാനങ്ങളിൽ പവർ ബാങ്കുകൾ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നതിനെ കുറിച്ച് ഡിജിസിഎ സമഗ്രമായ ഒരു അവലോകനം ആരംഭിച്ചിട്ടുണ്ട്. അപകടസാധ്യതകൾ ഫലപ്രദമായി ലഘൂകരിക്കാൻ കഴിയുന്നില്ലെങ്കിൽ വിമാനത്തിനുള്ളിൽ പവർ ബാങ്കുകൾ ഉപയോഗിക്കുന്നത് നിരോധിക്കുന്നതിനോ, വൈദ്യുതി ശേഷിയിൽ നിർബന്ധിത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനോ, പൂർണ്ണമായും നിരോധിക്കുന്നതിനോ ആണ് ആലോചിക്കുന്നത്.
Discussion about this post