ന്യൂഡൽഹി : ഈ വർഷം അവസാനിക്കുന്നതിനു മുൻപായി രണ്ട് പ്രധാന ഉപഗ്രഹ വിക്ഷേപണങ്ങൾ നടത്തുമെന്ന് സ്ഥിരീകരിച്ച് ഐഎസ്ആർഒ. ആശയവിനിമയ ഉപഗ്രഹമായ സിഎംഎസ് -03 ഉം സ്വകാര്യ യുഎസ് ആശയവിനിമയ ഉപഗ്രഹമായ ബ്ലൂബേർഡും ആണ് ഐഎസ്ആർഒ വിക്ഷേപണം നടത്തുന്നത്. ഈ വർഷം നവംബറിൽ ആണ് ആദ്യ ഉപഗ്രഹ വിക്ഷേപണം സ്ഥിരീകരിച്ചിട്ടുള്ളത്.
ഇന്ത്യൻ ബഹിരാകാശ ഏജൻസിയുടെ ഹെവി-ലിഫ്റ്റ് റോക്കറ്റായ എൽവിഎം -3 യിൽ ആയിരിക്കും ഉപഗ്രഹങ്ങൾ വിക്ഷേപിക്കുക. CMS-03 ഉപഗ്രഹം വഹിച്ചുകൊണ്ടുള്ള LVM3-M5 വിക്ഷേപണം നവംബർ രണ്ടിന് നടത്തുമെന്ന് ഐഎസ്ആർഒ ചെയർമാൻ വി നാരായണൻ വ്യക്തമാക്കി. ഒരു യുഎസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള 6.5 ടൺ ഭാരമുള്ള ബ്ലൂബേർഡ്-6 ഉപഗ്രഹം വർഷാവസാനത്തോടെ വിക്ഷേപിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഏറ്റവും ഭാരമേറിയ വാണിജ്യ പേലോഡുകളിൽ ഒന്നാണ് ബ്ലൂബേർഡ്-6 ഉപഗ്രഹം.
ഇന്ത്യയുടെ ആദ്യത്തെ മനുഷ്യ ബഹിരാകാശ യാത്രാ ദൗത്യമായ ഗഗൻയാൻ പൂർത്തീകരണത്തിലേക്ക് അടുക്കുകയാണെന്നും ഇസ്രോ മേധാവി അറിയിച്ചു. 90 ശതമാനം ജോലികളും ഇതിനകം പൂർത്തിയായതായി അദ്ദേഹം വ്യക്തമാക്കി. കൂടാതെ ജൂലൈ 30 ന് വിക്ഷേപിച്ച നാസ-ഐഎസ്ആർഒ സിന്തറ്റിക് അപ്പർച്ചർ റഡാർ (നിസാർ) ഉപഗ്രഹം നിലവിൽ കാലിബ്രേഷൻ ഘട്ടത്തിലാണെന്നും അടുത്ത 10-15 ദിവസത്തിനുള്ളിൽ പ്രവർത്തനക്ഷമമാകുമെന്നും വി നാരായണൻ സ്ഥിരീകരിച്ചു.









Discussion about this post