തിരുവനന്തപുരം: തുടര്‍ച്ചയായി വിജയിക്കുന്നവര്‍ ഓടിളക്കി വന്നവരല്ലെന്നും ജനങ്ങള്‍ വിജയിപ്പിച്ചവരാണെന്നും കെ.മുരളീധരന്.കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരനെതിരെയാണ് മുരളീധരന് വിമര്‍ശനവുമായി എത്തിയിരിക്കുന്നത്. സര്‍ക്കാരിന് തെറ്റു പറ്റിയിട്ടുണ്ടെങ്കില്‍ അത് മുഖ്യമന്ത്രിയോട് പറയണമെന്നും അല്ലാതെ പരസ്യപ്പെടുത്തുകയല്ല വേണ്ടതെന്നും മുരളീധരന് വ്യക്തമാക്കി. സര്‍ക്കാര്‍ ഉത്തരവുകള്‍ക്കെതിരെ കത്ത് എഴുതിയിട്ട് അത് പ്രസിദ്ധീകരിക്കുന്നത് ശരിയല്ല, മലര്‍ന്നു കിടന്നു തുപ്പുന്നതിനു തുല്യമാണിത്. വിമര്‍ശനമുണ്ടെങ്കില്‍ ഉന്നയിക്കേണ്ടത് പാര്‍ട്ടി വേദികളിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രി, മന്ത്രിമാര്‍, എംഎല്‍എമാര്‍, എംപിമാര്‍, ഐപിഎസ്-ഐഎഎസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരേയുള്ള വിജിലന്‍സ് കേസുകളുടെ വിശദാംശങ്ങള്‍ വിവരാവകാശ പരിധിയില്‍ നിന്നും ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയതിനെതിരേ സുധീരന് രംഗത്തെത്തിയിരുന്നു. ഇതിനെതിരേ മുഖ്യമന്ത്രി നല്കിയ കത്ത് സുധീരന് ഫേസ്ബുക്കില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതിനെ വിമര്‍ശിച്ചാണ് മുരളീധരന് രംഗത്തെത്തിയത്.
Discussion about this post