പാകിസ്താൻ അധിനിവേശ കശ്മീരിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ വിമർശനവുമായി രംഗത്തെത്തി ഇന്ത്യ. ഐക്യരാഷ്ട്രസഭ സുരക്ഷാസമിതിയിലാണ് പാകിസ്താനെതിരെ ഇന്ത്യൻ പ്രതിനിധി പർവ്വതേനി ഹരീഷ് കടുത്ത വിമർശനം ഉന്നയിച്ചത്. പാകിസ്താൻ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയിരിക്കുന്ന പ്രദേശങ്ങളിൽ നടക്കുന്ന ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങൾ അവസാനിപ്പിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.
ജമ്മു കശ്മീരിലെ ജനങ്ങൾ അവരുടെ മൗലികാവകാശങ്ങൾ വിനിയോഗിക്കുമ്പോൾ, അത്തരം ആശയങ്ങൾ പാകിസ്താന് ‘അന്യമാണ്’ എന്ന് പർവ്വതനേനി ഹരീഷ് കുറ്റപ്പെടുത്തി. ജമ്മുകശ്മീർ ഇന്ത്യയുടെ അവിഭാജ്യമായ ഘടകമാണെന്ന രാജ്യത്തിന്റെ ദീർഘകാല നിലപാടും പർവ്വതേനി ആവർത്തിച്ചു.
പാകിസ്താന്റെ ജനാധിപത്യം ഇപ്പോഴും ദുർബലമാണ്, തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ ശക്തമായ സൈന്യം വളരെയധികം സ്വാധീനിക്കുന്നു. 33 വർഷമായി രാജ്യം സൈനിക ഭരണത്തിന് കീഴിലാണ്,പ്രധാനമന്ത്രിമാരിൽ ആരും തന്നെ അഞ്ച് വർഷത്തെ പൂർണ്ണ കാലാവധി പൂർത്തിയാക്കിയിട്ടില്ല. നിയമവിരുദ്ധമായി കൈവശപ്പെടുത്തിയ പ്രദേശങ്ങളിൽ സൈന്യം നടത്തുന്ന അടിച്ചമർത്തലും മനുഷ്യാവകാശ ലംഘനങ്ങളും അവസാനിപ്പിക്കണമെന്ന് പാകിസ്താനോട് പർവ്വതേനി ആവശ്യപ്പെട്ടു.
‘പാകിസ്താൻ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയിരിക്കുന്ന പ്രദേശങ്ങളിലെ ഗുരുതരമായതും തുടർച്ചയായതുമായ മനുഷ്യാവകാശ ലംഘനങ്ങൾ അവസാനിപ്പിക്കാൻ ഞങ്ങൾ പാകിസ്താനോട് ആവശ്യപ്പെടുന്നു, അവിടെ പാകിസ്താന്റെ സൈനിക അധിനിവേശം, അടിച്ചമർത്തൽ, ക്രൂരത, വിഭവങ്ങളുടെ നിയമവിരുദ്ധമായ ചൂഷണം എന്നിവയ്ക്കെതിരെ ജനങ്ങൾ തുറന്ന കലാപത്തിലാണെന്ന് പർവ്വതേനി ഹരീഷ് ചൂണ്ടിക്കാട്ടി.











Discussion about this post