കൊല്ലം : മൃതദേഹത്തിൽ നിന്നും സ്വർണാഭരണങ്ങൾ മോഷ്ടിച്ചതായി പരാതി. കൊല്ലം പുനലൂർ താലൂക്ക് ആശുപത്രിക്ക് എതിരെയാണ് പരാതി ഉയർന്നിട്ടുള്ളത്. കഴിഞ്ഞദിവസം ഭർത്താവ് വെട്ടിക്കൊലപ്പെടുത്തിയ യുവതിയുടെ മൃതദേഹത്തിൽ ഉണ്ടായിരുന്ന സ്വർണാഭരണങ്ങളാണ് ആശുപത്രിയിൽ വച്ച് കാണാതായത്.
മരിച്ച കലയനാട് സ്വദേശി ശാലിനിയുടെ ശരീരത്തിൽ ഉണ്ടായിരുന്ന 20 ഗ്രാം സ്വർണാഭരണങ്ങൾ കാണാതായതായി ബന്ധുക്കളാണ് പോലീസിൽ പരാതി നൽകിയത്. പുനലൂർ താലൂക്ക് ആശുപത്രിയിൽ വച്ചാണ് ആഭരണങ്ങൾ നഷ്ടപ്പെട്ടത്. കഴിഞ്ഞ മാസം 22നാണ് ഭർത്താവ് ഐസക് വെട്ടിപ്പരികേൽപ്പിച്ച ശാലിനിയെ പുനലൂർ താലൂക്കാശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നത്.
യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന സമയം ശരീരത്തിൽ 20 ഗ്രാം സ്വർണാഭരണങ്ങൾ ഉണ്ടായിരുന്നു. ആശുപത്രിയിൽ വച്ച് മരണം സ്ഥിരീകരിച്ചതോടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. മൃതദേഹത്തിൽ നിന്നും ആഭരണങ്ങൾ അഴിച്ചെടുത്ത ജീവനക്കാരി സ്വർണം പോലീസിനോ ബന്ധുക്കൾക്കോ കൈമാറാതെ ആശുപത്രിയിലെ ഇഞ്ചക്ഷൻ റൂമിൽ സൂക്ഷിച്ചതായാണ് കണ്ടെത്തിയിട്ടുള്ളത്. സാധാരണഗതിയിൽ ആശുപത്രികളിലെ മൃതദേഹത്തിലെ സ്വർണാഭരണങ്ങൾ ആശുപത്രി സൂപ്രണ്ടിനെ ഏൽപ്പിക്കുകയും സൂപ്രണ്ട് അത് ലേ സെക്രട്ടറിക്ക് കൈമാറി ആശുപത്രി ലോക്കറിൽ സൂക്ഷിക്കണമെന്നാണ് ചട്ടം. പോലീസ് സിസിടിവികൾ അടക്കം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ചട്ടം ലംഘിച്ച് ജീവനക്കാരി സ്വർണാഭരണങ്ങൾ ഇഞ്ചക്ഷൻ റൂമിൽ സൂക്ഷിച്ചതായി കണ്ടെത്തിയിട്ടുള്ളത്.










Discussion about this post