ഇൻ വിട്രോ ഫെർട്ടിലൈസേഷൻ (IVF) വഴി ഗർഭം ധരിക്കുന്ന സ്ത്രീകൾക്ക് ഭാവിയിൽ സ്തനാർബുദത്തിനും അണ്ഡാശയ അർബുദത്തിനും സാധ്യത കൂടുതലാണെന്ന് പഠന റിപ്പോർട്ട്. കിംഗ് ജോർജ്ജ് മെഡിക്കൽ യൂണിവേഴ്സിറ്റിയുടെ ഒരു പഠന റിപ്പോർട്ട് ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഹോർമോൺ കുത്തിവയ്പ്പുകൾ സ്വീകരിക്കുന്ന സ്ത്രീകൾക്ക് സ്തനാർബുദത്തിനും അണ്ഡാശയ അർബുദത്തിനും സാധ്യത കൂടുതലാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സ്വാഭാവികമായി ഗർഭം ധരിക്കാൻ ബുദ്ധിമുട്ട് നേരിടുന്ന സന്ദർഭങ്ങളിൽ ആണ് ഐവിഎഫ് ട്രീറ്റ്മെന്റുകൾ സ്വീകരിക്കേണ്ടി വരുന്നത്. ഒരു സ്ത്രീയുടെ അണ്ഡവും പുരുഷന്റെ ബീജവും ഒരു ലബോറട്ടറിയിൽ ബീജസങ്കലനം ചെയ്ത് ഭ്രൂണം സൃഷ്ടിക്കുന്ന ഒരു പ്രത്യുത്പാദന രീതിയാണിത്. ഇത്തരത്തിൽ സൃഷ്ടിക്കുന്ന ഭ്രൂണം സ്ത്രീയുടെ ഗർഭാശയത്തിൽ സ്ഥാപിക്കുന്നു. ഈ പ്രക്രിയയിൽ, സ്ത്രീക്ക് ഹോർമോൺ മരുന്നുകളും കുത്തിവയ്പ്പുകളും നൽകുന്നു. ഈ ഹോർമോണുകൾ ചിലർക്ക് ഭാവിയിൽ അർബുദ സാധ്യത ഉണ്ടാക്കുന്നു എന്നാണ് കിംഗ് ജോർജ്ജ് മെഡിക്കൽ യൂണിവേഴ്സിറ്റിയുടെ ചില പഠനങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്.
ഇത്തരത്തിലുള്ള മൂന്ന് കേസുകൾ കണ്ടെത്തിയിട്ടുള്ളതായാണ് മെഡിക്കൽ യൂണിവേഴ്സിറ്റി റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം പ്രിസർവേറ്റീവ് പാക്കറ്റ് ചെയ്ത ഭക്ഷണങ്ങൾ, പൊണ്ണത്തടി, പുകവലി, മദ്യം, സമ്മർദ്ദം എന്നിവയും ഇത്തരം അർബുദ സാധ്യതകൾ വർദ്ധിപ്പിക്കാൻ കാരണമാകുമെന്നും പഠനഫലങ്ങൾ സൂചിപ്പിക്കുന്നു. റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ അർബുദം വേഗം കണ്ടെത്തിയതിനാൽ തന്നെ പെട്ടെന്ന് സുഖപ്പെടുത്താൻ കഴിഞ്ഞു എന്നും മെഡിക്കൽ റിപ്പോർട്ട് സൂചിപ്പിക്കുന്നു.











Discussion about this post