പത്തനംതിട്ട : പന്തളം നഗരസഭയിലെ രണ്ട് കൗൺസിലർമാർ കൂടി ഭരണകക്ഷിയായ ബിജെപിയിൽ ചേർന്നു. രാജിവെച്ച യുഡിഎഫ് കൗൺസിലറും ഇടത് വിമത കൗൺസിലറും ആണ് ബിജെപിയിൽ ചേർന്നത്. കഴിഞ്ഞ ഡിസംബറിൽ ഇടതുപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിൽ പങ്കെടുത്തതിനെ തുടർന്നായിരുന്നു യുഡിഎഫ് കൗൺസിലർ രാജി വെച്ചിരുന്നത്.
കേരള കോൺഗ്രസ് പ്രതിനിധിയായ കെ ആർ രവി ആണ് യുഡിഎഫ് ബന്ധം ഉപേക്ഷിച്ച് ബിജെപിയിൽ ചേർന്നത്. വ്യാഴാഴ്ച നഗരസഭ കൗൺസിൽ യോഗത്തിൽ പങ്കെടുത്തശേഷമാണ് കെ ആർ രവി യുഡിഎഫിന് രാജിക്കത്ത് നൽകിയത്. അദ്ദേഹത്തോടൊപ്പം ഇടതു വിമതനായ രാധാകൃഷ്ണൻ ഉണ്ണിത്താനും ബിജെപിയിൽ ചേർന്നു.
ബിജെപി ഭരിക്കുന്ന പന്തളം നഗരസഭയിൽ 33 അംഗ കൗൺസിലാണ് ഉള്ളത്. ഇതിൽ യുഡിഎഫിന് 5 അംഗങ്ങൾ ആയിരുന്നു ഉണ്ടായിരുന്നത്. കെ ആർ രവി രാജിവച്ചതോടെ യുഡിഎഫ് കൗൺസിലർമാരുടെ എണ്ണം നാലായി. കോൺഗ്രസ് നേതൃത്വത്തിന്റെ അവഗണനയിൽ പ്രതിഷേധിച്ചാണ് രാജിയെന്നാണ് കെആർ രവി വ്യക്തമാക്കുന്നത്.









Discussion about this post