ന്യൂഡൽഹി : ഇലക്ട്രോണിക്സ് നിർമ്മാണ മേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കുക ലക്ഷ്യമിട്ട് പുതിയ പദ്ധതികളുമായി കേന്ദ്രസർക്കാർ. 7 ഇലക്ട്രോണിക്സ് പദ്ധതികൾക്ക് കേന്ദ്രസർക്കാർ അംഗീകാരം നൽകി. 5,532 കോടിയുടെ നിക്ഷേപത്തിലാണ് പദ്ധതികൾ രൂപീകരിച്ചിട്ടുള്ളത്.
ഇലക്ട്രോണിക്സ് കമ്പോണന്റ് മാനുഫാക്ചറിംഗ് സ്കീം (ECMS) പ്രകാരം ഏഴ് പുതിയ പദ്ധതികൾക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകിയതായി കേന്ദ്ര ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രി അശ്വിനി വൈഷ്ണവ് ആണ് പ്രഖ്യാപിച്ചത്. സർക്കാരിന് ആകെ 249 നിർദ്ദേശങ്ങൾ ലഭിച്ചതായും അതിൽ ഏഴ് എണ്ണം പ്രാരംഭ ഘട്ടത്തിൽ അംഗീകരിച്ചതായും കേന്ദ്ര മന്ത്രി വ്യക്തമാക്കി. ഇലക്ട്രോണിക്സ് ഘടകങ്ങളുടെ ആഭ്യന്തര ഉൽപ്പാദനം വർദ്ധിപ്പിക്കുക, ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുക, ഇന്ത്യയെ ഒരു ആഗോള ഉൽപ്പാദന കേന്ദ്രമായി സ്ഥാപിക്കുക എന്നിവയാണ് ഈ പദ്ധതികളിലൂടെ കേന്ദ്രസർക്കാർ ലക്ഷ്യം വയ്ക്കുന്നത്.
നിലവിൽ അംഗീകരിച്ചിട്ടുള്ള 7 പദ്ധതികളിൽ പ്രിന്റഡ് സർക്യൂട്ട് ബോർഡുകൾ (പിസിബികൾ), അതായത് മദർബോർഡ് ബേസുകൾ, ക്യാമറ മൊഡ്യൂളുകൾ, കോപ്പർ ലാമിനേറ്റുകൾ, കപ്പാസിറ്ററുകളിലും കൺസ്യൂമർ ഇലക്ട്രോണിക്സിലും ഉപയോഗിക്കുന്ന പോളിപ്രൊഫൈലിൻ ഫിലിമുകൾ എന്നിവയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട പദ്ധതികളാണ് ഉൾപ്പെട്ടിട്ടുള്ളത്. ഈ പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ നിരവധി പ്രധാന പദ്ധതികൾക്ക് അംഗീകാരം ലഭിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.









Discussion about this post