അമരാവതി : മോന്ത ചുഴലിക്കാറ്റ് ആന്ധ്രപ്രദേശ് തീരത്തോട് അടുക്കുന്നു. നിലവിൽ മച്ചിലിപട്ടണത്തിന് ഏകദേശം 190 കിലോമീറ്റർ തെക്ക്-തെക്കുകിഴക്കായും വിശാഖപട്ടണത്തിന് ഏകദേശം 340 കിലോമീറ്റർ തെക്കായും ആണ് ചുഴലിക്കാറ്റ് കേന്ദ്രീകരിച്ചിരുന്നത്. ഇന്ന് രാത്രിയോടെ മോന്ത ചുഴലിക്കാറ്റ് മച്ചിലിപട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയിൽ തീരം കടക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ചുഴലിക്കാറ്റ് കര തൊടുന്നതിനോട് അനുബന്ധിച്ച് കനത്ത ജാഗ്രതയിലാണ് ആന്ധ്ര പ്രദേശും ദക്ഷിണേന്ത്യയിലെ മറ്റു തീരപ്രദേശങ്ങളും. ആന്ധ്രപ്രദേശ് കൂടാതെ കർണാടക, തമിഴ്നാട്, കേരളം എന്നിവിടങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആന്ധ്ര തീരത്ത് മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുന്നതിന് സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
മോന്ത ചുഴലിക്കാറ്റിനോടനുബന്ധിച്ച് ആന്ധ്രപ്രദേശിൽ വിശാഖപട്ടണം ഉൾപ്പെടെയുള്ള ജില്ലകളിൽ കനത്ത മഴ തുടരുകയാണ്. ചൊവ്വാഴ്ച വിശാഖപട്ടണം വിമാനത്താവളത്തിൽ നിന്നുള്ള 32 വിമാനങ്ങളും റദ്ദാക്കി. വിജയവാഡ വിമാനത്താവളം ഇന്ന് 16 വിമാനങ്ങൾ റദ്ദാക്കി.
വേലിയേറ്റം, വെള്ളപ്പൊക്കം, വ്യാപകമായ നാശനഷ്ടങ്ങൾ എന്നിവയെ നേരിടാൻ ആന്ധ്രാപ്രദേശിന് സാധ്യമായ എല്ലാ കേന്ദ്ര സഹായവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പ് നൽകിയിട്ടുണ്ട്.











Discussion about this post