അമരാവതി : ആന്ധ്രപ്രദേശിനെ കനത്ത ആശങ്കയിലാഴ്ത്തിയ മോന്ത ചുഴലിക്കാറ്റ് ദുർബലമായതായി കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. വിവിധ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ആശ്വാസമായി ആന്ധ്രയിൽ കര തൊട്ടതോടെ മോന്ത ചുഴലിക്കാറ്റ് ദുർബല കൊടുങ്കാറ്റായി മാറുകയായിരുന്നു. നിലവിൽ 90 കിലോമീറ്റർ വേഗതയിൽ മാത്രമാണ് മോന്ത ചുഴലിക്കാറ്റ് സഞ്ചരിക്കുന്നത് എന്നാണ് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നത്.
ബുധനാഴ്ച ഉച്ചയ്ക്ക് മുമ്പ് ചുഴലിക്കാറ്റ് ദുർബലമായി മാറുകയും ആന്ധ്രാപ്രദേശിന് കുറുകെ വടക്ക് പടിഞ്ഞാറോട്ട് നീങ്ങുമെന്നും ഈ സമയം കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒഡീഷ, തെലങ്കാന, ഛത്തീസ്ഗഢ്, ഉത്തർപ്രദേശ്, ബീഹാർ എന്നിവിടങ്ങളിലും മോന്ത ചുഴലിക്കാറ്റിന്റെ ആഘാതം അനുഭവപ്പെടുന്നുണ്ട്. ബംഗാൾ ഉൾക്കടലിൽ നിന്ന് ഉത്ഭവിച്ച ചുഴലിക്കാറ്റ് ചൊവ്വാഴ്ച വൈകുന്നേരം 7 മണിയോടെയാണ് ആന്ധ്രാപ്രദേശ് തീരത്ത് കര തൊട്ടത്.
ആന്ധ്ര തീരത്തെ മച്ചിലിപട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയിൽ കാക്കിനടയിലൂടെ മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിൽ വീശിയടിച്ച കാറ്റിന്റെ ഫലമായി നിരവധി സ്ഥലങ്ങളിൽ വീടുകളും മരങ്ങളും തകർന്നു. ഒരു സ്ത്രീ മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 120 ട്രെയിനുകൾ റദ്ദാക്കി. ആന്ധ്രപ്രദേശിൽ 38,000 ഹെക്ടറിൽ കൃഷിനാശവും ഉണ്ടായിട്ടുണ്ട്.









Discussion about this post